ചെത്തിക്കൊടുവേലി പൂത്തു-മനോഹരം പക്ഷെ, സൂക്ഷിക്കണം-

പരിയാരം: പരിയാരത്ത് ചെത്തിക്കൊടുവേലി പൂത്തു. പരിയാരം ഔഷധിയുടെ ഔഷധത്തോട്ടത്തിലെ ചെങ്കല്‍ കുന്നുകളില്‍ നിറഞ്ഞുനില്‍ക്കുന്നത് മനോഹരമായി ചുവന്ന ചെത്തിക്കൊടുവേലികള്‍.

അയ്യായിരത്തിലധികം ചെടികള്‍ പൂത്തു നില്‍ക്കുന്നത് നയനമനോഹരമായ കാഴ്ച്ച. വേനല്‍ കടുക്കുന്തോറും അല്പം വാടി പോകുന്നുണ്ടെങ്കിലും, രാവിലെയും വൈകുന്നേരങ്ങളിലും കൊടുവേലി കാഴ്ച മനോഹരം തന്നെ.

ഔഷധ ആവശ്യത്തിനായാണ് പരിയാരം ഔഷധി സ്വന്തം തോട്ടത്തില്‍ അയ്യായിരത്തിലധികം ചെത്തിക്കൊടുവേലികള്‍ നട്ടത്. പുതുമഴ പെയ്തപ്പോള്‍ ആയിരുന്നു കൃഷി.

ഔഷധിയിലെ ഫാക്ടറിയില്‍ നിന്നും എത്തിച്ച മരുന്ന് അവശിഷ്ടങ്ങള്‍ തന്നെയായിരുന്നു വളം. .നന്നായി തഴച്ചുവളര്‍ന്നു. ഇതിന്റെ വേര്, തൊലി, കിഴങ്ങുകള്‍ എന്നിവയാണ് മരുന്നിന് ഉപയോഗിക്കുന്നത്.

മൂലക്കുരു, ദഹനസംബന്ധ അസുഖം, ത്വക്‌രോഗം എന്നിവയ്ക്കുള്ള ഔഷധത്തിലെ ചേരുവയാണ്. ചിതകാസവം, ദശമൂലാരിഷ്ടം, യോഗരാജചൂര്‍ണം എന്നീ മരുന്നുകളില്‍ ചേര്‍ക്കുന്നു.

മഹോദരം, മന്ത്, കൃമിശല്യം, പ്രമേഹം, ദുര്‍മേദസ്, നീര്, പനി എന്നിവ ശമിപ്പിക്കാനും ഈ ഔഷധിക്ക് കഴിവുണ്ട്. നാല് അടി ഉയരത്തില്‍ വളരുന്ന കുറ്റിച്ചെടിയാണ്.

അഞ്ചുവര്‍ഷത്തോളം ആയുസുണ്ട്. കിഴങ്ങു പോലെ വണ്ണമുള്ള വേരാണ് ഉപയോഗ ഭാഗം. കിഴങ്ങിന്റെ നീര് ശരീരത്തില്‍ തട്ടിയാല്‍ തീപ്പൊള്ളലേറ്റപോലെ കുമിളയ്ക്കും.

അതിനാല്‍ കിഴങ്ങ് പറിച്ചെടുക്കുമ്പോള്‍ കയ്യില്‍ വെളിച്ചെണ്ണ പുരട്ടുകയോ കയ്യുറ ധരിക്കുകയോ വേണം. കിഴങ്ങ് ചുണ്ണാമ്പുവെള്ളത്തിലിട്ട് ശുദ്ധീകരിച്ചാണ് ഔഷധ ആവശ്യത്തിന് ഉപയോഗിക്കുന്നത്.

സൂര്യപകാശം ലഭിക്കുന്ന, ജലസേചന സൗകര്യമുള്ള, നീര്‍വാര്‍ച്ചയുള്ള സ്ഥലമാണ് അനുയോജ്യം. അധികം മൂപ്പെത്താത്ത പച്ചനിറമുള്ള തണ്ട് രണ്ടു മുട്ടുകളുടെ നീളത്തില്‍ മുറിച്ചു നടുകയാണ് ചെയ്യുന്നത്.

മേയ്ജൂലൈ മാസമാണ് കൃഷിയിറക്കാന്‍ ഉത്തമം. ഏക്കറിന് നാല് ടണ്‍ ജൈവവളം മണ്ണുമായി ചേര്‍ത്ത്, 45 സെന്റീമീറ്റര്‍ ഉയരത്തില്‍ വാരങ്ങള്‍ എടുത്ത്, കമ്പുകള്‍ 15 സെന്റീമീറ്റര്‍ അകലത്തില്‍ നടണം. ചെറിയ മണ്‍കൂനകളില്‍ മൂന്നു കമ്പ് വീതം നടുകയും ചെയ്യാം.

പോളിത്തീന്‍ കവറുകളില്‍ വേരുപിടിപ്പിച്ച തൈകളും നടാന്‍ ഉപയോഗിക്കാം. ആറുമാസത്തിനുശേഷം കളനീക്കി ജൈവവളം ചേര്‍ത്തു കൊടുക്കണം.

രണ്ടാം വര്‍ഷാവസാനം കിഴങ്ങ് പറിച്ചെടുക്കാം. മൂന്നോ നാലോ വര്‍ഷംകൊണ്ട് വേരിന് കൂടുതല്‍ വണ്ണവും വലുപ്പവും വരും. ഒരേക്കറില്‍ നിന്ന് 2 മുതല്‍ 3 ടണ്‍ കൊടുവേലി കിഴങ്ങ് ലഭിക്കും.