സംശയിക്കണ്ട, ചൈന സോഷ്യലിസ്റ്റ് രാജ്യം തന്നെ-കോടിയേരി
തിരുവനന്തപുരം: ചൈനയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ആഗോളവത്കരണ കാലത്ത് ചൈന പുതിയ പാത തെളിക്കുകയാണ്. ആധുനിക രീതിയിലെ സോഷ്യലിസ്റ്റ് ക്രമം ചൈന രൂപപ്പെടുത്തുന്നു.
2021 ല്‍ ദാരിദ്ര നിര്‍മാര്‍ജനം കൈവരിക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞുവെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് കോടിയേരിയുടെ ചൈന പരാമര്‍ശം.
ചൈനയുടെ നിലപാടുകള്‍ സോഷ്യലിസ്റ്റ് രാജ്യത്തിന് ചേര്‍ന്നതല്ലെന്ന വിമര്‍ശനം സമ്മേളനത്തില്‍ ഉയര്‍ന്നിരുന്നു.
ഇതിനുള്ള മറുപടിയായാണ് കോടിയേരി ചൈന വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.
സോഷ്യലിസ്റ്റ് ക്രമം രൂപപ്പെടുത്തുന്ന നിലയില്‍ ചൈന നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു പുതിയ വികസന പാതയാണ് ചൈന മുന്നോട്ട് വെക്കുന്നത്. 2021 ല്‍ ദാരിദ്രം പൂര്‍ണമായി ഇല്ലാതാക്കിയ രാജ്യമാണ് ചൈന.
ഈ നിലയ്ക്ക് ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കേണ്ടതാണ്. എന്നാല്‍ സോഷ്യലിസ്റ്റ് രാജ്യമെന്ന നിലയില്‍ സാമ്രാജ്യത്വ രാജ്യങ്ങളെ
പ്രതിരോധിക്കുന്നതില്‍ ചൈനയ്ക്ക് വീഴ്ച പറ്റിയെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനം കോടിയേരി ശരിവെക്കുകയും ചെയ്തു. തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്ന് (ഞായറാഴ്ച്ച) സമാപിക്കും.