ജീവ ചിട്ടി തട്ടിപ്പ് അന്വേഷിക്കണം-രാഹുല്‍ വെച്ചിയോട്ട്.

തളിപ്പറമ്പ്: സിപിഎമ്മിന്റെ തളിപ്പറമ്പ് ലോക്കല്‍ കമ്മിറ്റി നേതൃത്വത്തിലുള്ള സാംസ്‌കാരിക സംഘടന ജീവ നടത്തിയ ചിട്ടി തട്ടിപ്പ് അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് രാഹുല്‍ വെച്ചിയോട്ട് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

തട്ടിപ്പ് ഏകദേശം 20 ലക്ഷത്തിന് മുകളിലാണെന്ന് രാഹുല്‍ ആരോപിച്ചു.

ഒരു ചിട്ടി മാത്രമാണ് പരിശോധിച്ചത് ബാക്കി രണ്ട് ചിട്ടികള്‍ കൂടി പരിശോധിക്കുന്നുണ്ട്.

സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ കൈരളി ബേക്കറിയുടെ നടത്തിപ്പില്‍ വന്ന ക്രമക്കേട് പരിഹരിക്കാനാണ് ജീവയുടെ നേതൃത്വത്തില്‍ പാര്‍ട്ടി കുറി തുടങ്ങിയതെന്നും ബേക്കറിയില്‍ തന്നെ അഴിമതിയുടെ കൂമ്പാരമാണ് നടന്നതെന്നും രാഹുല്‍ ആരോപിച്ചു.

8 ലക്ഷം രൂപ ഒരു വനിതാ ഏരിയ കമ്മിറ്റി അംഗം വക മാറ്റിയത് പിടിക്കപ്പെട്ടപ്പോള്‍ അവരുടെ ഭര്‍ത്താവ് പണം തിരികെ അടക്കാം എന്ന് ഉറപ്പിലാണ് പുറത്തറിയാതിരുന്നത്.

അതുപോലെ തളിപ്പറമ്പിലെ പ്രമുഖ വ്യാപാരിക്ക് 6 ലക്ഷം രൂപയുടെ ഇടപാട് തീര്‍പ്പാക്കാനുണ്ട്.

ബേക്കറി കൗണ്ടറില്‍ നിന്നും ഏരിയ കമ്മിറ്റി അംഗം മുമ്പേതന്നെ ഏകദേശം നാല് ലക്ഷം രൂപയുടെ തിരുമറി നടത്തിയിരുന്നു.

പ്രമുഖ വിദ്യാലയത്തിലേക്ക് ഭക്ഷണം വിതരണം ചെയ്ത അവര്‍ കൊടുത്ത ചെക്ക് വരെ തിരിമറി നടത്തിയതായും രാഹുല്‍ ആരോപിച്ചു.

ഇന്നലെ നടന്ന സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി ജനറല്‍ബോര്‍ഡി യോഗത്തില്‍ നേതാക്കളെ രീതിയില്‍ സാമ്പത്തിക അരാജകത്വം നടത്തിയതിന് പരസ്യമായി താക്കീതും ചെയ്തു.

തളിപ്പറമ്പിലെ സാധാരണക്കാര്‍ക്ക് ഒരു ചിട്ടിയില്‍ മാത്രം 20 ലക്ഷം കൊടുക്കാനുണ്ടെങ്കില്‍ ബാക്കി രണ്ട് ചിട്ടിയുടെ പരിശോധന

നടത്തിയാല്‍ ഏകദേശം എത്ര ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് തളിപ്പറമ്പില്‍ നടത്തിയിട്ടുണ്ട് എന്ന് പരിശോധിക്കണമെന്നും രാഹുല്‍ വെച്ചിയോട്ട് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.