ചുരുളിക്കെതിരെ ഉറഞ്ഞുതുള്ളുന്നതിന് മുമ്പ് ചായം എന്ന സിനിമയെക്കുറിച്ച് അറിയണം

കരിമ്പം.കെ.പി.രാജീവന്‍

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി എന്ന സിനിമയാണ് ഇപ്പോള്‍ വിവാദതൊഴിലാളികളുടെ ഇര.

യൂട്യൂബ് സദാചാരവാദികള്‍ സിനിമക്കെതിരെ ഉറഞ്ഞുതുള്ളി തളരുകയാണ്.

കേരളത്തിന്റെ സാംസ്‌ക്കാരിക  പൈതൃകവും
തനിമയും കുടുംബബന്ധങ്ങളുടെ ഇഴയടുപ്പവും ഇവര്‍ സൗകര്യംപോലെ എടുത്ത് ഉപയോഗിക്കുന്നുണ്ട്.

നാട്തന്നെ നശിച്ചുപോകുകയാണോ എന്ന് വെപ്രാളപ്പെടുകയാണ് സദാചാരക്കാര്‍.

സത്യത്തില്‍ ജീവിതത്തിന്റെ പിന്നാമ്പുറക്കാഴ്ച്ചകള്‍ ഇതിനേക്കാള്‍ അപ്പുറമാണെന്നത് ഇവരൊക്കെ സൗകര്യപൂര്‍വ്വം മറക്കുന്നു.

ചുരുളിയില്‍ കാണുന്നതിനും കേള്‍ക്കുന്നതിനുമൊക്കെ അപ്പുറമാണ് നാഗരികപരിഷ്‌ക്കാരികള്‍ കടന്നുചെല്ലാത്ത പിന്നാമ്പുറങ്ങളുടെ ജീവിതം.

പച്ചത്തെറികള്‍ അവിടെ സമൃദ്ധമാണ്, കാലങ്ങളായി അത് അതുപോലെ തുടരുന്നു.

ഇതൊന്നും കാണാതെ കോട്ടുംസൂട്ടുമിട്ട്, തണുത്തുറഞ്ഞ മുറികളില്‍ മൊബൈലല്‍ഫോണ്‍ ചുരണ്ടിക്കൊണ്ടിരിക്കുന്നവര്‍ക്കാണ് ചുരുളി കാണുമ്പോള്‍ ഓക്കാനം വരുന്നത്.

ഒ.വി.വിജയന്‍ തന്റെ ധര്‍മ്മപുരാണം എന്ന നോവലില്‍ തീട്ടം എന്ന പദപ്രയോഗം നടത്തിയത് പലരുടെയും നെറ്റിചുളിപ്പിച്ചു.

മീശ നോവലില്‍ ഹരീഷ് പച്ചക്ക് പറഞ്ഞ ചില കാര്യങ്ങള്‍ ഒരുവിഭാഗത്തെ വല്ലാതെ പ്രകോപിപ്പിച്ചു.

എന്നാല്‍ മീശ നോവലായി വന്നപ്പോള്‍ അത് ചൂടപ്പംപോലെ വിറ്റുപോയി ആര്‍ക്കും ഒരു പരിഭവവുമില്ല.

1973 ല്‍ പുറത്തിറങ്ങിയ ചായം എന്ന സിനിമ പഴയ തലമുറയില്‍പെട്ട പലരുടെയും മനസിലുണ്ടാവും.(ആറോളം നല്ല ഗാനങ്ങള്‍ ഈ സിനിമയിലുണ്ട്).

രാഘവന്‍, സുധീര്‍, ഷീല, ശോഭന എന്നിവര്‍ അഭിനയിച്ച ചായം സംവിധാനംചെയ്തത് പി.എന്‍.മേനോനാണ്. സിനിമ നിര്‍മ്മിച്ചത് മലയാളനാട് വാരിക പത്രാധിപരും ഉടമസ്ഥനുമായിരുന്ന എസ്.കെ.നായര്‍.

മലയാറ്റൂര്‍ രാമകൃഷ്ണന്‍ കഥ, തിരക്കഥ, സംഭാഷണം രചിച്ച സിനിമയില്‍ ചേരികളില്‍ സംസാരിക്കുന്നവരുടെ ഭാഷ ചുരുളിയില്‍ ഉള്ളതിനേക്കാള്‍ മോശപ്പെട്ടതായിരുന്നു.

അക്കാലത്ത് ഈ സിനിമയെക്കുറിച്ചും വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

പോസ്റ്ററുകളില്‍ വലിയ എ ചിഹ്നവും പേറിവന്ന ചായം കുടംബപ്രേക്ഷകര്‍ നിരാകരിക്കുകയും അന്നത്തെ യുവതലമുറ കൊണ്ടാടുകയും ചെയ്തു.

അന്ന് തളിപ്പറമ്പ് അലങ്കാര്‍ ടാക്കീസില്‍ ഈ സിനിമകാണാന്‍ പോയത് ഇന്നലെ കഴിഞ്ഞപോലെ ഓര്‍മ്മയിലുണ്ട്.

നാടന്‍ പുലയാട്ട് ഭാഷ ഇതില്‍ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. ചേരികളിലെ സാധാരണമനുഷ്യര്‍ രോഷംകൊള്ളുമ്പോള്‍ അവര്‍ പച്ചത്തെറി പറഞ്ഞെന്നിരിക്കും.

അച്ചടിഭാഷയില്‍ വികാരം ഒളിപ്പിക്കുന്ന നാഗരികന്റെ സദാചാരം അവര്‍ക്ക് അന്യമാണല്ലോ.

48 കൊല്ലം മുമ്പ് ചായം സിനിമകണ്ട് വികാരംകൊണ്ട സദാചാരക്കാരുടെ പ്രതികരണരീതികള്‍ മാറിയിട്ടുണ്ടെന്നല്ലാതെ അവരുടെ പുതിയതലമുറ ഒട്ടും മാറിയില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ വിവാദങ്ങള്‍.

ചായം എന്ന സിനിമയുടെ നെഗറ്റീവോ പ്രിന്റോ പോലും ഇന്ന് ബാക്കിയില്ലാത്തത് യൂട്യൂബ് സദാചാരക്കാരുടെ ഭാഗ്യം. അതുകൊണ്ട് തന്നെ ചുരുളിയില്‍ കലിതുള്ളാതിരിക്കുന്നതാണ് നല്ലത്.