കോബാള്‍ട്ട് തെറാപ്പി യൂണിറ്റ് പൂട്ടിയിട്ട് ഒരു വര്‍ഷം മൂന്ന് മാസം-ഫയല്‍ ഡി.എം.ഇയില്‍ പൊടിപിടിച്ച്–
Report-കരിമ്പം.കെ.പി.രാജീവന്‍-
പരിയാരം: കോബാള്‍ട്ട് തെറാപ്പി മെഷീന്‍ ഉപയോഗശൂന്യമായിട്ട് ഒരു വര്‍ഷവും മൂന്ന് മാസവും കഴിഞ്ഞു, കാന്‍സര്‍ രോഗികള്‍ മംഗലാപുരത്തേക്കും തലശേരി വഴി കോഴിക്കോട്ടേക്കും.
പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കാന്‍സര്‍ രോഗികള്‍ക്ക് വളരെ അത്യാവശ്യമായ റേഡിയേഷനുവേണ്ട കോബാള്‍ട്ട് തെറാപ്പി മെഷീന്‍ 2020 സപ്തംബറിലാണ് പ്രവര്‍ത്തനരഹിതമായത്.
ഇത് റിപ്പേര്‍ചെയ്യാന്‍ ഏതാണ്ട് ഒന്നരകോടി രൂപ ചെലവുവരുമെന്നായിരുന്നു കണക്ക്.
ഇതോടെ മെഷീന്‍ മൂലയിലായി. രോഗികള്‍ ഇപ്പോള്‍ റേഡിയേഷന്‍ ചികില്‍സക്കായി മംഗലാപുരത്തേയും തലശേരിയിലേയും കോഴിക്കോട്ടെയും ആശുപത്രികളിലേക്ക് പോകുന്നു.
പുതിയ കോബാള്‍ട്ട് മെഷീന്‍ വാങ്ങാനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ ഫയല്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയരക്ടര്‍ ഓഫീസില്‍ പൊടിപിടിച്ചു കിടക്കുകയാണ്.
ഔദ്യോഗിക ആവശ്യത്തിനെന്ന പേരില്‍ തിരുവനന്തപുരത്ത് കൂടുതല്‍ സമയം ചെലവഴിക്കുന്ന പ്രിന്‍സിപ്പാള്‍ എപ്പോഴെങ്കിലും ഈ ആവശ്യം ഒന്ന് പരിഗണിക്കാന്‍ വേണ്ടി ഡി.എം.ഇയില്‍ അന്വേഷണം നടത്തിയിരുന്നോ എന്ന ചോദ്യം ഉയരുകയാണ്.
കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജില്‍ നിലവില്‍ രണ്ട് കോബാള്‍ട്ട് മെഷീനും രണ്ട് ലിനാക്ക് മെഷീനും ഒരു കുഴപ്പവുമില്ലാതെ ഉപയോഗിക്കുന്നുണ്ട്.
ഏറ്റവും ആധുനികമായ റേഡിയേഷന്‍ സംവിധാനങ്ങളുള്ള ലിനാക്ക് മെഷീന്‍ എന്തുകൊണ്ട് പരിയാരത്തേക്ക് വരുന്നില്ല.
കാന്‍സര്‍ രോഗം എന്നത് തന്നെ ദുരിതമാണ്, ആ ദുരിതംപേറുന്ന രോഗികളെ യാതൊരു ദയയുമില്ലാതെ റേഡിയേഷന് മംഗലാപുരത്തേക്കും മറ്റിടങ്ങളിലേക്കും പറഞ്ഞയക്കുന്നവരാണ് സ്വകാര്യ ആശുപത്രികളെ സംരക്ഷിക്കുന്നതെന്ന് പറയേണ്ടിവരുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.
നേരത്തെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന പരിയാരത്തെ കാന്‍സര്‍യൂണിറ്റ് റേഡിയേഷന്‍ നിലച്ചതോടെ ആര്‍ക്കും ഉപകാരപ്പെടാത്ത അവസ്ഥയിലായി.
