മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് മോഡല്‍-കമ്മീഷന്‍ ഏജന്റ് തളിപ്പറമ്പില്‍ പിടിയില്‍
തളിപ്പറമ്പ്: മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് സിനിമയുടെ മാതൃകയില്‍ വാഹനാപകട കേസിലെ കക്ഷികളെ വലവീശാനെത്തിയ കമ്മീഷന്‍ ഏജന്റ് പോലീസ് പിടിയിലായി.
കണ്ണൂരിലെ ലതീഷാണ് പിടിയിലായത്.
ഇയാളുടെ സഹായി കോഴിക്കോട്ടെ ഷബീര്‍ എന്നയാള്‍ക്കെതിരെയും കേസെടുത്തു.
ലതീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് പോലീസ് സ്‌റ്റേഷനില്‍ ഹാജരാവാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു.
തളിപ്പറമ്പിലെ അഡ്വ.പി.സുനില്‍കുമാറിന്റെ പരാതിയിലാണ് കേസ്.
കോഴിക്കോട് സ്വദേശിയായ ഒരു അഭിഭാഷകന്റെ കമ്മീഷന്‍ ഏജന്റുമാരാണ് ഇവരെന്ന് പോലീസ് പറഞ്ഞു.
അഡ്വ.സുനില്‍കുമാറിന് കേസ് ഏല്‍പ്പിച്ച രണ്ട് കക്ഷികളെ വലവീശിയ ഇവരുടെ സമ്മര്‍ദ്ദം കാരണം കേസ് ഫയലുകള്‍ കോഴിക്കോട്ടെ വക്കീലിനെ ഏല്‍പ്പിക്കണമെന്ന് കക്ഷികള്‍ ആവശ്യപ്പെട്ടത് പ്രകാരം വക്കീലിനെ സുനില്‍കുമാര്‍ ഓഫീസിലേക്ക് ക്ഷണിച്ചു.
വക്കീലെന്ന് പറഞ്ഞ് ഓഫീസിലെത്തിയ ലതീഷിന്റെ പെരുമാറ്റത്തില്‍ സംശയംതോന്നി കൂടുതല്‍ ചോദ്യം ചെയ്യുകയും ബാര്‍ അസോസിയേഷന്‍ ഇടപെടുകയും ചെയ്തപ്പോഴാണ് ഇയാള്‍ കമ്മീഷന്‍ ഏജന്റാണെന്ന് വ്യക്തമായത്.
ലതീഷ് നല്‍കിയ ഫോണ്‍നമ്പറില്‍ വക്കീലിനെ വിളിച്ചപ്പോള്‍ ഷബീറാണ് ഫോണെടുത്തത്.
ഇയാളും ഏജന്റാണെന്ന് വ്യക്തമായതോടെയാണ് കേസെടുത്തത്.
കോഴിക്കോട് ബാര്‍ അസോസിയേഷനുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ നാല്‍പ്പതോളം ഏജന്റുമാരാണ് കേസ് കാന്‍വാസ് ചെയ്യാനായി പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.
കോഴിക്കോട് എം.എ.സി.ടിയിലാണ് കേസ് ഫയല്‍ചെയ്യുന്നത്. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ ആശുപത്രികളുമായി ബന്ധപ്പെട്ടാണ് ഇവര്‍ അപകടങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് കക്ഷികളുമായി ബന്ധപ്പെടുന്നത്. പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.