തളിപ്പറമ്പ് കോണ്‍ഗ്രസിനെ വരത്തന്‍മാരുടെ വിട്ടുകൊടുക്കില്ല- റബല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും-കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം.
തളിപ്പറമ്പ്: പ്രശ്‌നങ്ങള്‍ക്ക് ഉചിതമായ പരിഹാരം കണ്ടില്ലെങ്കില്‍ വരാന്‍ പോകുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പില്‍ കോണ്‍ഗ്രസ് മല്‍സരിക്കുന്ന സീറ്റുകളില്‍ റബല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
തളിപ്പറമ്പില്‍ കോണ്‍ഗ്രസിന് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചിരുന്ന വലിയൊരു വിഭാഗത്തെ മാറ്റനിര്‍ത്തി സ്ഥാനമാനങ്ങള്‍ മാത്രം ലക്ഷ്യമിട്ട് തളിപ്പറമ്പിലേക്ക് വന്ന ചിലര്‍ക്ക് പാര്‍ട്ടിയെ വിട്ടുനല്‍കാന്‍ തയ്യാറല്ലെന്ന് യോഗം ഏകകണ്ഠമായി തീരുമാനിച്ചു.
നേരത്തെ കോണ്‍ഗ്രസ് ഈസ്റ്റ് മണ്ഡലം കമ്മറ്റി ഏകപക്ഷീയമായി പിരിച്ചുവിട്ട് നേതൃത്വം ചില വരത്തന്‍മാര്‍ക്ക് അടിയറ വെച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പിലെ പ്രബലമായ വിഭാഗം പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ്.
തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചെങ്കിലും ഡി.സി.സി നേതൃത്വത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇവര്‍ മാറി നില്‍ക്കുകയായിരുന്നു.
പിന്നീട് ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ചര്‍ച്ചകള്‍ നടത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് പറഞ്ഞ നേതൃത്വം ഒരു വര്‍ഷം കഴിഞ്ഞിട്ടും അനങ്ങിയില്ലെന്നും ഇപ്പോള്‍ പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ പ്രവര്‍ത്തനത്തിന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് വന്നിരിക്കയാണ്.
ഡി.സി.സി ജന.സെക്രട്ടെറി ടി.ജനാര്‍ദ്ദനന്‍ പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്‍ക്കുന്ന വിഭാഗത്തെ ബന്ധപ്പെട്ട് സജീവമാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്.
നേതൃത്വത്തിന്റെ ആ അവഗണന അംഗീകരിക്കില്ലെന്നും ഈസ്റ്റ് മണ്ഡലം കമ്മറ്റി പിരിച്ചുവിട്ടത് മുതലുള്ള പ്രശ്‌നങ്ങള്‍ അതുപോലെ നിലനില്‍ക്കുകയാണെന്നും യോഗം വിലയിരുത്തി.
തളിപ്പറമ്പ് കോണ്‍ഗ്രസിലെ ജനകീയ നേതാവും നഗരസഭാ വൈസ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭനെ ദീര്‍ഘകാലം സസ്‌പെന്‍ഷനില്‍ നിര്‍ത്തി മുന്നോട്ടുപോകുന്നത് ഉള്‍പ്പെടെ തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ റബല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മല്‍സര രംഗത്തിറങ്ങണമെന്ന പ്രവര്‍ത്തകരുടെ നിര്‍ദ്ദേശം അംഗീകരിച്ചാണ് യോഗം പിരിഞ്ഞത്.
മുന്‍ മണ്ഡലം പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ സി.സി.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.
കല്ലിങ്കീല്‍ പത്മനാഭന്‍, മുന്‍ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് അഡ്വ.സക്കരിയ്യ കായക്കൂല്‍, മുന്‍ മണ്ഡലം പ്രസിഡന്റ് പട്ടുവം രവി, നഗരസഭാ കൗണ്‍സിലര്‍ സി.പി.മനോജ്, മുന്‍ മണ്ഡലം പ്രസിഡന്റ് സി.വി.ഉണ്ണി, അഡ്വ.ഹരിദാസന്‍, എസ്.ഇര്‍ഷാദ്, സോമന്‍, വിനോദ്, ഷാജി, രാമകൃഷ്ണന്‍, ഹംസ തുടങ്ങി ഇരുപതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുത്തു.
