തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി യോഗം-വിമര്‍ശനം രൂക്ഷം-പ്രസിഡന്റ് ഒറ്റപ്പെട്ടു.

തളിപ്പറമ്പ്: അനുവാദമില്ലാതെ തുടങ്ങിയ കോണ്‍ഗ്രസ് മന്ദിരം വളപ്പിലെ പേ പാര്‍ക്കിംഗ് കേന്ദ്രത്തിന് നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കിയ കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി യോഗത്തില്‍ കനത്ത വിമര്‍ശനങ്ങള്‍ക്കിടയില്‍ പ്രസിഡന്റ് ഒറ്റപ്പെട്ടു.

ഇന്നലെ വൈകുന്നേരം ചേര്‍ന്ന യോഗത്തില്‍ ഏകപക്ഷീയമായി കോണ്‍ഗ്രസ് മന്ദിരം വളപ്പിലെ പേ പാര്‍ക്കിംഗ് കേന്ദ്രം സി.പി.എം പ്രവര്‍ത്തകന് നല്‍കിയതിനെതിരെ വിമര്‍ശിച്ച അംഗങ്ങള്‍ സ്റ്റോപ്പ് മെമ്മോ വന്നത് ചര്‍ച്ച ചെയ്യാന്‍ മാത്രമായി എന്തിന് കമ്മറ്റി ചേരുന്നുവെന്നും ചോദിച്ചു.

കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ടിട്ടും നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പേ പാര്‍ക്കിങ്ങിനെതിരെ പ്രതിപക്ഷ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ പ്രതിരോധിക്കാന്‍ വൈസ് ചെയര്‍മാന്‍ കല്ലിങ്കതീല്‍ പത്മനാഭന്‍ മാത്രമേ ഉണ്ടായുള്ളൂ എന്ന കാര്യവും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

കല്ലിങ്കീലിനെ അടിയന്തിരമായി പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹുല്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

ഓണ്‍ലൈന്‍ വാര്‍ത്കള്‍ക്കെതിരെ എം.എന്‍.പൂമംഗലം നടത്തിയ വിമര്‍ശനത്തെ യോഗത്തില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും എതിര്‍ത്തു.

ഒടുവില്‍ ചര്‍ച്ച എവിടെയുമെത്താതെ യോഗം അവസാനിപ്പിക്കുകയായിരുന്നു.

പ്രസിഡന്റിനോട് അനുകൂല നിലപാട് സ്വീകരിക്കുന്ന പലരും യോഗത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായാണ് വിവരം.