പാചകവാതകം ചോര്‍ന്നു, ധര്‍മ്മശാല വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു.
തളിപ്പറമ്പ്: പാചകവാതക സിലിണ്ടറുമായി പോകുകയായിരുന്ന ലോറിയില്‍ നിന്ന് ഒരു സിലിണ്ടര്‍ ചോര്‍ന്നു, വന്‍ ദുരന്തം ഒഴിവായി.
ഇന്നലെ രാത്രി ഏഴരയോടെ ധര്‍മ്മശാലയിലെ കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിന് സമീപത്തായിരുന്നു സംഭവം.
മംഗലാപുരത്തുനിന്നും കോഴിക്കോട്ടേക്ക് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ 300 സിലിണ്ടറുകളുമായി പോകുകയായിരുന്ന ടി.എന്‍. 66-എസ്-2274 ലോറി എഞ്ചിനീയറിംഗ് കോളേജിന് സമീപം നിര്‍ത്തി ഡ്രൈവര്‍ പുരുഷോത്തമന് കടമ്പേരിയിലെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു.
ലോറിക്ക് സമീപത്തുകൂടി നടന്നുപോയ ഒരാള്‍ ഗ്യാസ് പുറത്തേക്ക് വരുന്ന ശീല്ക്കാര ശബ്ദം കേട്ട് തളിപ്പറമ്പ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് അഗ്നിശമനസേനയെ വിളിച്ചു. തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും ഗ്രേഡ് അസി.സ്റ്റേഷന് ഓഫീസര്‍ കെ.രാജീവന്റെ നേതൃത്വത്തിലുള്ള സംഘവും പോലീസും എത്തി പരിശോധിച്ചപ്പോഴാണ് ഏറ്റവും മുകളില്‍ വെച്ച സിലിണ്ടറില്‍ നിന്നാണ് വാതകം ചോരുന്നതെന്ന് മനസിലായത്.
പെട്ടെന്നുതന്നെ ഈ സിലിണ്ടര്‍ പുറത്തേക്കെടുത്ത് വാതകം ചോരുന്നത് തടഞ്ഞ് അപകടം ഒഴിവാക്കി.
അഗ്നിശമനസേനാംഗങ്ങളായ പി.വി.ഗിരീഷ്, കെ.വി.അനൂപ്, വി.വിപിന്‍, വി.ജയന് എന്നിവരും അഗ്നിശമനസംഘത്തില്‍ ഉണ്ടായിരുന്നു.
ലോറിക്ക് സമീപത്തുകൂടി ആരെങ്കിലും പുകവലിച്ചുകൊണ്ടുപോയിരുന്നുവെങ്കില് ധര്‍മ്മശാല പ്രദേശം കത്തിച്ചാമ്പലാകുന്ന വിധത്തില്‍ വന്‍ദുരന്തം ഉണ്ടാകുമായിരുന്നുവെന്നാണ് അഗ്നിശമനസേന പറയുന്നത്.
വാതകം നിറച്ചതിലെ അപാകതകളാണ് ഇതിന് കാരണമെന്നാണ് വിവരം.