ഷോക്കേറ്റ് മരിച്ച കര്‍ഷകന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി.

തളിപ്പറമ്പ്:കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെ.എസ്.ഇ.ബി പതിനഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ വിധി. പയ്യന്നൂര്‍ സബ് ജഡ്ജ് എസ്.ഉണ്ണികൃഷ്ണനാണ് ശ്രദ്ധേയമായ വിധി പ്രസ്താവിച്ചത്.

മരണപ്പെട്ട ഏരുവേശി നെല്ലിക്കുറ്റിയിലെ ചക്കാങ്കല്‍ അഗസ്റ്റിന്റെ ഭാര്യ, മക്കള്‍ എന്നിവര്‍ക്ക് നഷ്ടപരിഹാരവും കോടതി ചെലവും അടക്കം 15 ലക്ഷം രൂപ കൊടുക്കാനും ആയതിന് ഭാവിയില്‍ 6% പലിശയടക്കം കൊടുക്കാനുമാണ് വിധി.

17 ആഗസ്ത് 9 ന് വൈകുന്നേരം 3 മണിക്കാണ് സംഭവം നടന്നത്.

നെല്ലിക്കുറ്റിയിലെ അറിയപ്പെടുന്ന കൃഷിക്കാരനും സാമൂഹിക പ്രവര്‍ത്തകനുമായ ജോണി എന്ന അഗസ്റ്റിനാണ് വര്‍ഷങ്ങളായി തന്റെ കൃഷിയിടത്തില്‍ പൊട്ടിവീണ് കിടന്ന വൈദ്യുതലൈനില്‍ നിന്നും ഷോക്കേറ്റ് മരിക്കാനിടയായത്.

2013 കാലഘട്ടത്തില്‍ അഗസ്റ്റിന്റെ 2 ഏക്കറോളം വരുന്ന കൃഷിയിടത്തിലൂടെ അയല്‍വാസിയുടെ വീട്ടിലേക്ക് 5 പോസ്റ്റുകള്‍ നാട്ടി വലിച്ചിരുന്ന വൈദ്യുതലൈന്‍ പൊട്ടി വീണിരുന്നു.

അയല്‍വാസി പിന്നീട് വീട്ടില്‍ നിന്ന് താമസം മാറുകയും വീട് ഇടിഞ്ഞ് പോവുകയും കെ.എസ്.ഇ.ബി വൈദ്യുത മീറ്റര്‍ ഊരികൊണ്ടു പോവുകയും ചെയ്തിരുന്നു.

തുടര്‍ന്ന് സ്ഥലം ഉടമയായ ജോണി പൊട്ടി വീണ വൈദ്യുതലൈന്‍ അഴിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് ചെമ്പേരി കെ.എസ.ഇ.ബി ഓഫീസില്‍ അപേക്ഷ നല്‍കി ഫീസ് അടക്കുകയും ചെയ്തിരുന്നു.

എന്നാല്‍ 2017 ല്‍ അപകടം നടക്കുന്നത് വരെ ബോര്‍ഡിലെ ജീവനക്കാര്‍ പൊട്ടിയലൈന്‍ അഴിച്ച് മാറ്റുകയോ അപകടം ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ല.

പൊട്ടി വീണ വൈദ്യുത ലൈനില്‍ വള്ളിപടര്‍പ്പുകള്‍ കയറി മൂടുകയും ചെയ്തു.

9.8.2017 നട്ടുച്ചയ്ക്ക് കൃഷിയിടത്തില്‍ പണിയെടുത്തു കൊണ്ടിരിക്കുന്ന അഗസ്റ്റിന് ശക്തമായ കാറ്റില്‍ പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്നും ഷോക്ക് ഏല്‍ക്കുകയും അശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരണപ്പെടുകയും ചെയ്തു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടുകാര്‍ അഗസ്റ്റിന്റെ മൃതശരീരം ചെമ്പേരി കെഎസ്ഇബി ഓഫീസിലെത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു.

തുടര്‍ന്ന് മരണപ്പെട്ട അഗസ്റ്റിന്റെ ഭാര്യ, മക്കള്‍ എന്നിവര്‍
തളിപ്പറമ്പിലെ പ്രമുഖ അഭിഭാഷകന്‍ അഡ്വ.സജി സഖറിയാസ് മുഖേന തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയും മജിസ്‌ട്രേറ്റ് ഉത്തരവ് പ്രകാരം കുടിയാന്മല പോലീസ് 2013 മുതല്‍ ചെമ്പേരി ഇലക്ട്രിസിറ്റി ഓഫീസില്‍ ജോലി ചെയ്തിരുന്ന എഞ്ചിനീയര്‍, ഓവര്‍സിയര്‍, ലൈന്‍മാന്‍മാര്‍ എന്നിവരുള്‍പ്പെടെ 21 പേരെ പ്രതിചേര്‍ത്ത് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

തളിപ്പറമ്പ ഡിവൈ.എസ്.പി കെ.വി വേണുഗോപാലിന്റെ മേല്‍നോട്ടത്തില്‍ കുടിയാന്‍മല എസ.ഐ കെ.ടി.വര്‍ഗീസ് അന്വേഷണം നടത്തി നരഹത്യയ്ക്ക് കോടതിയില്‍ കുറ്റപത്രം നല്‍കുകയും ചെയ്തു.

മരിച്ച ജോണിയുടെ ഭാര്യയും മക്കളും ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ അനാസ്ഥ മൂലം അഗസ്റ്റിന്‍ മരണപ്പെട്ടതില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഡ്വ. സജി സഖറിയാസ് മുഖേന പയ്യന്നൂര്‍ കോടതിയെ സമീപിച്ചതിലാണ് നഷ്ടപരിഹാരവും കോടതി ചെലവും അടക്കം പതിനഞ്ച് ലക്ഷം രൂപയും 6% ഭാവി പലിശ കൊടുക്കാനും വിധിച്ചത്.

കെഎസ്.ഇ.ബോര്‍ഡിന്റെ കൊടിയ അനാസ്ഥയെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. പൊട്ടിവീണ വൈദ്യുത ലൈന്‍ ഇപ്പോഴും അതേ അവസ്ഥയില്‍ കൃഷിയിടത്തില്‍ കിടക്കുകയാണ്.