ഒമിക്രോണ്‍വ്യാപനം: ജാഗ്രത കൈവിടരുതെന്ന് മന്ത്രി എം വി ഗോവിന്ദന്‍മാസ്റ്റര്‍

കൊവിഡ് ഐ സി യു കിടക്കകള്‍ വര്‍ധിപ്പിക്കും

കണ്ണൂര്‍: ഒമിക്രോണിനെ നിസ്സാരമായി കാണരുതെന്നും ജാഗ്രത്തായിരിക്കണമെന്നും തദ്ദേശ സ്വയംഭരണഎക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

കലക്ടറേറ്റില്‍ കൊവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒമിക്രോണ്‍ വലിയ പ്രശ്‌നമില്ലെന്ന ഉദാസീന സമീപനം ജനങ്ങളില്‍ വളര്‍ന്നുവരുന്നുണ്ട്.

ഇത് വലിയ അപകടം ചെയ്യും. ജില്ലയെ സുരക്ഷിതമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും ജനങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കണം.

കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒന്നാം തരംഗ കാലത്ത് കാട്ടിയ പോലുള്ള ജാഗ്രത മൂന്നാം തരംഗത്തിലും കാണിക്കണമെന്ന് മന്ത്രി പറഞ്ഞു.

ജില്ലയില്‍ നടക്കാനിരിക്കുന്ന ഉത്സവങ്ങളുടെ നടത്തിപ്പ്, ജനപങ്കാളിത്തം എന്നിവ സംബന്ധിച്ച് അതത് കമ്മിറ്റി ഭാരവാഹികള്‍, ജനപ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത് പൊലീസ് തലത്തില്‍ ധാരണയാക്കണം.

മുന്‍ അനുഭവങ്ങളെ കൂടി മുന്‍നിര്‍ത്തിയാവണം ഇക്കാര്യങ്ങള്‍ നടപ്പിലാക്കേണ്ടത്. ജില്ലാ ഭരണകൂടം ഇക്കാര്യത്തില്‍ ശ്രദ്ധിക്കണംമന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടലിന് നിര്‍ദേശം നല്‍കിയതായി സിറ്റി പൊലീസ് കമ്മീഷണര്‍ യോഗത്തില്‍ അറിയിച്ചു.

കൊവിഡ് വ്യാപനം ഏറുന്ന പശ്ചാത്തലത്തില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി, തളിപ്പറമ്പ് സിഎസ്എല്‍ടിസിയിലും എന്നിവിടങ്ങളില്‍ ഐ സി യു കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

സാധാരണ കൊവിഡ് കിടക്കകളുടെ എണ്ണവും വര്‍ധിപ്പിക്കും. ജില്ലക്ക് കൂടുതലായി അനുവദിച്ച ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും ഉപയോഗപ്പെടുത്തി ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണം.

57 ഡോക്ടര്‍മാരടക്കം 328 പേരെയാണ് കൂടുതലായി ജില്ലക്ക് അനുവദിച്ചത്.

പേരാവൂര്‍ സിഎഫ്എല്‍ടിസിയുടെ പ്രവര്‍ത്തനവും ആരംഭിക്കും. ജില്ലയില്‍ നിലവില്‍ ആശങ്കാജനകമായ സ്ഥിതിയില്ലെന്ന് ഡിഎംഒ യോഗത്തെ അറിയിച്ചു.

സ്വകാര്യ ആശുപത്രികള്‍ 30 ശതമാനം കിടക്ക കൊവിഡ് രോഗികള്‍ക്കായി മാറ്റിവെക്കണമെന്ന നിര്‍ദേശം പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിട്ടിരുന്നു.

ഇത് കര്‍ശനമായി പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കൊവിഡ് പോസിറ്റീവ് ആകുന്ന ഗര്‍ഭിണികളെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് അയക്കുന്ന സമീപനം സ്വകാര്യ ആശുപത്രികള്‍ സ്വീകരിക്കുന്നുണ്ട്.

ഇത് അംഗീകരിക്കാനാവില്ല. അത്തരമാളുകളെ അതത് ആശുപത്രികളില്‍ തന്നെ ചികിത്സിക്കാന്‍ സൗകര്യം ഒരുക്കണം.

ജില്ലാ കണ്‍ട്രോള്‍ സെല്‍ വഴി മാത്രമേ കൊവിഡ് രോഗികളെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യാവൂ.

നേരിട്ടയക്കുന്ന രീതി സ്വകാര്യ ആശുപത്രികള്‍ അവസാനിപ്പിക്കണം. ഡയാലിസിസ് വേണ്ട കൊവിഡ് രോഗികള്‍ക്ക് ആശുപത്രികളില്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നും യോഗം നിര്‍ദ്ദേശം നല്‍കി.

എടക്കാട് ഡയാലിസിസ് സെന്റര്‍ തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഡിഎംഒ യോഗത്തെ അറിയിച്ചു.

ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം എല്‍ എ മാരായ കടന്നപ്പള്ളി രാമചന്ദ്രന്‍,

കെ.കെ.ശൈലജ ടീച്ചര്‍, കെ.പി.മോഹനന്‍, അഡ്വ.സജീവ് ജോസഫ്, അഡ്വ.സണ്ണി ജോസഫ്, കെ.വി.സുമേഷ്, മേയര്‍ ടി.ഒ.മോഹനന്‍,

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ,

എഡിഎം കെ.കെ.ദിവാകരന്‍, തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍ മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു,