കൊവിഷീല്‍ഡ് വാക്‌സിന്‍ ഇടവേള കുറച്ചതില്‍ സ്‌റ്റേ ഇല്ല, കേന്ദ്രസര്‍ക്കാര്‍ ആവശ്യം കോടതി നിരസിച്ചു-

കൊച്ചി: കൊവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറച്ച് സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരസിച്ചു.

സിംഗിള്‍ ബെഞ്ച് ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാത്തതിനാല്‍ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കൊവിഷീല്‍ഡ് വാക്‌സിന്‍ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരുന്നു.

കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് 28 ദിവസത്തെ ഇടവേളയില്‍ നല്‍കാന്‍ അനുമതി നല്‍കിക്കൊണ്ടായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്.

എന്നാല്‍ കേന്ദ്ര വാക്‌സിന്‍ പോളിസിക്ക് വിരുദ്ധമാണ് സിംഗിള്‍ ബെഞ്ച് വിധിയെന്നും ഉത്തരവ് റദ്ദാക്കണമെന്നുമാണ് അപ്പീലില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.