പോലീസ് സ്വീകരിച്ചത് നാണംകെട്ട നിലപാടെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി.പി.ഷൈജന്‍.
തളിപ്പറമ്പ്: നാണംകെട്ട നിലപാട് സ്വീകരിക്കുന്ന പോലീസിനെ നിലക്ക് നിര്‍ത്താന്‍ സി.പി.ഐക്ക് അറിയാമെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി.പി.ഷൈജന്‍.
ആരെങ്കിലും പറയുന്നത് കേട്ട ഉടനെ കേസെടുക്കാന്‍ തയ്യാറാവുന്നതിന് മുമ്പ് വസ്തുകള്‍ പരിശോധിച്ച് അന്വേഷണം നടത്താന്‍ പോലീസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേതാക്കള്‍ക്കെതിരെ കളളക്കേസ് എടുത്തെന്ന് ആരോപിച്ച് തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം സി.ലക്ഷ്മണന് അധ്യക്ഷത വഹിച്ചു.
ലോക്കല്‍ സെക്രട്ടറി എം.രഘുനാഥ് സ്വാഗതം പറഞ്ഞു.
പ്രകടനത്തിന് കോമത്ത് മുരളീധരന്, പടിപ്പുരക്കല്‍ ശ്രീനിവാസന്, പി.വി.നാരായണന്, സുരേഷ് കീഴാറ്റൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
സി.പി.എമ്മിനെതിരെ അതിരൂക്ഷമായ മുദ്രാവാക്യം വിളികളോടെയാണ് പ്രതിഷേധമാര്‍ച്ച് നടന്നത്.
ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളിധരന് മാന്തംകുണ്ട് ബ്രാഞ്ച് സെക്രട്ടെറി വിജേഷ് മണ്ടൂര്‍, അസി.സെക്രട്ടെറി ബിജു കരിയില്‍ എന്നിവര്‍ക്കെതിരെ സി.പി.എം പ്രവര്ത്തകന് നവനീതിനെ ആക്രമിച്ചതായായി പറഞ്ഞ് കള്ളക്കേസെടുത്തു എന്നാരോപിച്ചാണ് പോലീസ് സ്റ്റേഷന് മാര്‍ച്ച് സംഘടിപ്പിച്ചത്. സി.പി.ഐ പ്രവര്‍ത്തനഫണ്ട് ശേഖരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ 22 ന് രാവിലെ സി.പി.ഐ പ്രവര്‍ത്തകര്‍ ഭവനന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കെ അസുഖ ബാധിതനായി വിശ്രമിക്കുന്ന പോള മനോഹരനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ കയറിയിരുന്നു. ഈ സമയത്ത് അവിടയെത്തിയ സി.പി.എം പ്രവര്ത്തകന് നവനീതിനോട് സി.പി.ഐ കുടുംബസംഗമ സമയത്ത് കൂവിയതിനെപ്പറ്റി കോമത്ത് മുരളീധരന് അഭിപ്രായം പറയുക മാത്രമേ ഉണ്ടായിട്ടുള്ളൂെവന്നാണ് സി.പി.ഐ വിശദീകരണം.
കൂവലിന്റെ കാലഘട്ടമൊക്കെ കഴിഞ്ഞുപോയെന്നും ഇതൊന്നും ശരിയായ രീതിയല്ലെന്നും ഈ സമയത്ത് അവിടെയെത്തിയ ബന്ധു കൂടിയായ കോമത്ത് ബിനോയിയോട് പറഞ്ഞ് സൗഹൃദത്തില്‍ പരിയുകയാണത്രേ ഉണ്ടായത്. വസ്തുത ഇതാണെന്ന് പോള മനോഹരന് ഉള്‍പ്പെടെ പോലീസിനോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍ അന്വേഷണം നടത്താതെ പോലീസ് കള്ളക്കേസ് എടുത്തതായി സി.പി.ഐ ആരോപിച്ചു. ജില്ലയില്‍ സി.പി.എം-സി.പി.ഐ ബന്ധം വഷളാക്കുന്ന ഒരു സാഹചര്യമാണ് പോലീസ് സ്റ്റേഷന് മാര്‍ച്ച് സൃഷ്ടിച്ചിരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ഇരുന്നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.
കഴിഞ്ഞ നമ്മേളന കാലയളവില്‍ സിപിഎം വിട്ട് മാന്തംകുണ്ടിലെ കോമത്ത് മുരളീധരന് സിപിഐയില്‍ ചേര്‍ന്നപ്പോള്‍ ഒപ്പം അദ്ദേഹത്തിന്റെ അനുയായികളും സിപിഐയില്‍ ചേര്‍ന്നിരുന്നു.കീഴാറ്റൂര്‍ സമരത്തിന് നേതൃത്വം നല്കിയ സുരേഷ് കീഴാറ്റൂരും ഇപ്പോള്‍ സിപിഐ അനുഭാവം പുലര്‍ത്തുന്നയാളാണ്. ചെറിയ പ്രശ്നങ്ങള്‍ ഈ പ്രദേശങ്ങളിലുണ്ടാകാറുണ്ടെങ്കിലും ‘കഴിഞ്ഞ മാസം സിപിഐ കാല്‍നട പ്രചരണ ജാഥ കണി കുന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതോടെ പ്രാദേശിക തലത്തില്‍ എല്‍ഡിഎഫിലെ ഭിന്നത മറനീക്കി പുറത്ത് വരികയായിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ രണ്ടാംവാരം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പങ്കെടുത്ത തളിപ്പറമ്പ് നോര്‍ത്ത് എല്‍ഡിഎഫ് ലോക്കല്‍ കമ്മിറ്റി കീഴാറ്റുരില്‍ നടത്തിയ കുടുംബസംഗമം സിപിഎം പരിപാടിയാക്കിയെന്ന് ആരോപിച്ച് സിപിഐ ബഹിഷ്ക്കരിക്കുകയും, തുടര്‍ന്ന് ബദല്‍ പരിപാടി എന്ന നിലയില്‍ ഒക്ടോബര്‍ 18ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.പി.മുരളിയെ പങ്കെടുപ്പിച്ച് കൊണ്ട് മാന്തംകുണ്ടില്‍ സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ കുടുംബ സംഗമം സ്വന്തം നിലയില്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
