തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിലെ ഫയര്‍ബ്രാന്റ് കൗണ്‍സിലര്‍ ഇക്കുറി മല്‍സര രംഗത്തില്ല.
സി.പി.എം കൗണ്‍സിലര്‍മാരില്‍ ഭരണപക്ഷത്തിന് ഏറ്റവുമേറെ തലവേദനയുണ്ടാക്കിയ സി.വി.ഗിരീശന് പാര്‍ട്ടിയുടെ തീരുമാനമനുസരിച്ചാണ് മാറിനില്‍ക്കുന്നത്.
തുടര്‍ച്ചയായി രണ്ടുതവണമാത്രമേ സി.പി.എം ജനപ്രതിനിയാവാന് ഒരു പാര്‍ട്ടി അംഗത്തിന് അവസരം നല്‍കാറുള്ളൂ(ഒരു തവണ മാത്രം അവസരം നല്കിയ ഉദാഹരണവും തളിപ്പറമ്പ് ഏരിയയിലുണ്ട്).
സി.വി.ഗിരീശന് കൗണ്‍സിലില്‍ ഉണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് കഴിഞ്ഞ 10 വര്‍ഷം രണ്ട് ടേമുകളിലായി അദ്ദേഹത്തില്‍ നിന്ന് ഉണ്ടായിട്ടുള്ളതെന്ന് എതിരാളികല്‍ പോലും സമ്മതിക്കും.
സി.വി.ഗിരീശന് കൗണ്‍സിലില്‍ ഉള്ളതുകൊണ്ടുമാത്രം നഗരസഭയിലെ നിരവധി അഴിമതികളാണ് പുറത്തേക്കുവന്നതും, നടപടികളുണ്ടായതും.
ദേശീയപാതയിലെ സൗന്ദര്യവല്‍ക്കരണ പദ്ധതി നഗരസഭ വൈസ് ചെയര്‍മാന്റെ വാണിജ്യ സ്ഥാപനത്തിന് വേണ്ടിയാണെന്നും പൊതുഫണ്ട് ഉപയോഗിച്ച് ഇത് അനുവദിക്കില്ലെന്നും കര്‍ശനമായ നിലപാട് തന്നെ ഗിരീശന് സ്വീകരിച്ചിരുന്നു.
2015-20, 2020-25 കാലഘട്ടങ്ങളിലാണ് സി.വി. ഗിരീശന് കൗണ്‍സിലറായി പ്രവര്‍ത്തിച്ചത്.
ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന പ്രശ്നങ്ങളില്‍ കൗണ്‍സില്‍ യോഗങ്ങളില്‍ ഭരണപക്ഷത്തോട് രൂക്ഷമായ വാക്തര്‍ക്കങ്ങള്‍ക്കും വേണമെങ്കില്‍ കയ്യാങ്കളിക്ക് വരെ ഒരുങ്ങാനും ഗിരീശന് മടികാണിക്കാറില്ല.
നഗരസഭയിലെ വിവാദമായ ആക്രി ഇടപാട് പുറത്തുകൊണ്ടുവന്നതും, അവസാനം കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ എടുപ്പിക്കാന്‍ കഴിഞ്ഞതിലും ഗിരീശന്റെ പങ്ക് വലുതാണ്.
പൂക്കോത്ത്നടയിലെ അനധികൃത പാര്‍ക്കിംഗ് കേന്ദ്രത്തിനെതിരെ പ്രതികരിക്കാനും ഗിരീശന് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇത്തരത്തില്‍ എണ്ണിപ്പറയാന്‍ നിരവധി ജനകീയ ഇടപെടലുകള്‍ക്ക് നേതൃത്വം നല്കാന് ഇദ്ദേഹത്തിന് കഴിഞ്ഞു.
ജനങ്ങള്‍ക്ക് വേണ്ടി ആരോടും കലഹിക്കാന്‍ മടിയില്ലാത്ത സി.വി.ഗിരീശനെ പോലുള്ള ഒരാള്‍ കൗണ്‍സിലറായി ഉണ്ടാകുന്നത് ജനാധിപത്യത്തിന്റെ വളര്‍ച്ചക്ക് ഗുണകരമായിരിക്കുമെന്ന് ഭരണപക്ഷത്തെ ഒരു പ്രമുഖന് കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.