സൈബര്‍ തട്ടിപ്പ്- പരിയാരത്ത് ജോബിയും ബേബിയും റോഷ്‌നി സോമനും സാക്ഷി ജയ്‌സ്വാളും പ്രതികള്‍
പരിയാരം: ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പില്‍ പരിയാരത്ത് നാലുക്കെതിരെ പോലീസ് കേസെടുത്തു.
തൃക്കരിപ്പൂര്‍ ഒളവറയിലെ ജോബി ജോര്‍ജ്, ഏഴിലോട് സര്‍വീസ് സ്‌റ്റേഷന് സമീപം അന്ന ഹൗസില്‍ എ.ജെ.ബേബി(48) എന്നിവരുടെ പേരിലാണ് പരിയാരം മെഡിക്കല്‍കോളേജ് പോലീസ് കേസെടുത്തത്.
സാമ്പത്തിക കുറ്റകൃത്യത്തിന്റെ ഭാഗമായി ബേബിയുടെ കേരള ഗ്രാമീണ ബേങ്കിന്റെ അക്കൗണ്ടിലേക്ക് എത്തിയ 40,000 രൂപ ബേബിയുടെ ചേച്ചിയുടെ മകനായ ജോബി ജോര്‍ജ് പലതവണകളായി പാലക്കാട്ടെ എ.ടി.എം വഴി പിന്‍വലിച്ചതായി പോലീസ് കണ്ടെത്തി.
എസ്.ഐ വൈശാഖ് മണിലാല്‍, സിപി.ഒ സൗമ്യ, ഗ്രേഡ് എ.എസ്.ഐ പി.വി.സുരേഷ് എന്നിവര്‍ ബേബിയുടെ വീട്ടിലെത്തി പരിശോധന നടത്തി.
ജോബി പാലക്കാട് ജോലി ചെയ്തുവരികയാണെന്നും അക്കൗണ്ട് കുറേക്കാലമായി ജോബിയാണ് കൈകാര്യം ചെയ്തുവരുന്നതെന്നും ബേബി പോലീസിനോട് പറഞ്ഞു.
മറ്റൊരു സംഭവത്തില്‍ ചെറുതാഴം പാലയാട് സാംസ്‌ക്കാരികനിലയത്തിന് സമീപത്തെ സുനില്‍കുമാറിന്റെ ഭാര്യ മണിമുത്ത് വീട്ടില്‍ റോഷ്‌നി സോമന്‍(50), സാക്ഷി ജയ്‌സ്വാള്‍ എന്നിവരുടെ പേരിലും കേസെടുത്തു.
കണ്ണൂര്‍ ഗവ.മെഡിക്കല്‍കോലേജിലെ നേഴ്‌സാണ് റോഷ്‌നി സോമന്‍.
സാക്ഷി ജയ്‌സ്വാള്‍ ബിനാസ് ട്രേഡിംഗ് ആപ്പ് വഴി റോഷ്‌നിയുടെ എസ്.ബി.ഐ അക്കൗണ്ടിലേക്ക് അയച്ചുനല്‍കിയ 3 ലക്ഷം രൂപ റോഷ്‌നി സോമന്‍ ക്രിപ്‌റ്റോ കറന്‍സിയില്‍ ട്രേഡിംഗ് നടത്തി യു.എസ്.ഡോളറായി കണ്‍വര്‍ട്ട് ചെയ്ത് തിരികെ സാക്ഷി ജയ്‌സ്വാളിന്റെ അക്കൗണ്ടിലേക്ക് തിരിച്ചുകൊടുക്കുകയായിരുന്നു.
ഇവര്‍ ഇടപാട് നടത്താന്‍ ഉപയോഗിച്ച ഫോണ്‍ പരിയാരം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

