പിതാവിന്റെ കണ്‍മുന്നില്‍ മൂന്ന് മക്കള്‍ മുങ്ങിമരിച്ചു.

 

മണ്ണാര്‍ക്കാട്: പിതാവിനൊപ്പം കുളത്തില്‍ കുളിക്കാനുമെത്തിയ മൂന്ന് പെണ്‍മക്കളും മുങ്ങിമരിച്ചു.

ഉച്ചയ്ക്ക് 1.30 ഓടെയാണ് റിന്‍ഷി, നിഷിത, റമീഷ എന്നീ സഹോദരിമാര്‍ മുങ്ങി മരിച്ചത്.

പിതാവിനൊപ്പം കുളത്തിലേക്ക് എത്തിയതാണ് ഇവര്‍.

പിതാവ് അലക്കുന്നതിനിടെ കുറച്ച് മാറി വെള്ളത്തില്‍ ഇറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടെ ഒരാള്‍ വെള്ളത്തില്‍ മുങ്ങി.

രക്ഷിക്കാനായി മറ്റ് രണ്ടു പേരും വെള്ളത്തിലേക്ക് ചാടി.

ഇതോടെ മൂവരും അപകടത്തില്‍പ്പെട്ടു.

ഇവരുടെ സഹോദരന്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് കിടപ്പിലാണ്.

മാതാവാണ് സഹോദരന് വൃക്ക നല്‍കിയത്. ഇരുവരും ചികിത്സയിലായിരുന്നതിനാല്‍ പിതാവാണു വീട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്നത്.

അതുകൊണ്ടാണ് പിതാവിനൊപ്പം പെണ്‍മക്കള്‍ മൂന്നുപേരും അലക്കുന്നതിനും മറ്റുമായെത്തിയത്.

യുവതികളുടെ നിലവിളികേട്ട് എത്തിയ അതിഥി തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

വിവാഹിതരായ രണ്ടു പേര്‍ ഓണാവധിക്ക് വിരുന്ന് വന്നതായിരുന്നു.

റിന്‍ഷി നഴ്‌സിങ് വിദ്യാര്‍ത്ഥിനിയാണ്. സമീപത്തെ പറമ്പില്‍ പണിയെടുക്കുന്ന അതിഥി തൊഴിലാളാണ് സംഭവം ആദ്യം കണ്ടത്.