ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര–ഭാഗം-നാല്– ഓരോ ചുവട്ടിലും പുതിയതലമുറക്ക് അല്‍ഭുതലോകം
ഓരോ ചുവട്ടിലും പുതിയതലമുറക്ക് അല്‍ഭുതലോകം
ഓരോ നാലുകെട്ടുകളുടെയും അകത്തളങ്ങള്‍ പുതിയ തലമുറക്ക് ഒരു അല്‍ഭുതലോകമാണ്.
അവയുടെ സവിശേഷമായ നിര്‍മ്മാണ രീതിതന്നെയാണ് നമ്മെ അല്‍ഭുതപ്പെടുത്തുന്നത്.
പകര്‍ന്നാട്ടം, കായംകുളം കൊച്ചുണ്ണി തുടങ്ങിയ സിനിമകളുടെ ലൊക്കേഷനായ കാനപ്രം ഇല്ലം ഓരോ ഇഞ്ചിലും കാഴ്ച്ചക്കാരെ മറ്റൊരു ലോകത്തേക്ക് നയിക്കുകയാണ്.
ചുമരില്‍ തുങ്ങുന്ന ജപ്പാന്‍നിര്‍മ്മിത ഘടികാരത്തിന് 150 വര്‍ഷത്തിലേറെ പഴക്കമുമുണ്ടെങ്കിലും ഒരുനിമിഷം പോലും അത് പണിമുടക്കാതെ ഇപ്പോഴും ശരിയായ സമയത്തിലേക്ക് നയിക്കുന്നു.
ദേഹണ്ഡപ്പുരയും അതിനകത്തെ പാത്രങ്ങളുമെല്ലാം ഇന്നുംഭദ്രമാണ്.
ഇടിയപ്പം ഉണ്ടാക്കാനായി ഉപയോഗിക്കുന്ന സേവക എന്നപേരില്‍ മരവും പിത്തളയും കൊണ്ട് നിര്‍മ്മിച്ച ഉപകരണം ഏറെ പ്രത്യേകതകള്‍ ഉള്ളതായിരുന്നു.
ഇത്തരത്തില്‍ പാരമ്പര്യത്തിനൊത്ത് സഞ്ചരിക്കുന്ന ഒരു വിഭാഗമായി നിലനില്‍ക്കുന്നതിനാലാവണം ഇവരുടെ ജീവിതനിലവാരം ഇന്നും ഉയര്‍ന്നുതന്നെ നില്‍ക്കുന്നത്.
കൈതപ്രം പച്ചപ്പിന്റെ മോഹിപ്പിക്കുന്ന ഒരു പ്രദേശമായി നിലനില്‍ക്കുന്നത് കാര്‍ഷികവൃത്തിയോട് ഇന്നും ബ്രാഹ്മണസമൂഹം നിലനിര്‍ത്തുന്ന അടുപ്പമാണ്.
എല്ലാവരും തന്നെ സ്വന്തം നിലയില്‍ കഠിനാധ്വാനികളാണ്. ഓരോ ഇല്ലപ്പറമ്പും തെങ്ങും കവുങ്ങും മാവുകളും നിറഞ്ഞ് നില്‍ക്കുന്നു.
ഏതാണ്ട് എല്ലാ വീടുകളിലും പശുക്കളും പശുത്തൊഴുത്തുകളുമുണ്ട്. കാസര്‍ഗോഡ് കുള്ളന്‍ ഇനത്തില്‍പെടുന്ന പശുക്കളെയാണ് ഇവിടെ കൂടുതലും കാണാന്‍ കഴിയുന്നത്.
എല്ലാ പ്രവൃത്തികളും പാരമ്പര്യമായ ചിട്ടകളിലൂടെതന്നെയാണ് കൈതപ്രം ദേശവാസികള്‍ ചെയ്തുതീര്‍ക്കുന്നത്.
ദേവചൈതന്യമായി വീരാളി പത്മം
തീച്ചാമുണ്ടിയും ആടിവേടനും തെയ്യങ്ങളും ഉറങ്ങുന്ന ഗ്രാമമാണ് കൈതപ്രംമെങ്കിലും, വിശേഷാല്‍ പൂജകള്‍ക്കോരോന്നിനും ഇവിടെ അതിന്റേതായ ചിട്ടകളുണ്ട്.
പല പൂജാദികര്‍മ്മങ്ങള്‍ക്കും പത്മങ്ങള്‍ അനിവാര്യമാണ്. പത്മങ്ങള്‍ക്കോരോന്നിനും അതിന്റേതായ പ്രത്യേകതകളും സവിശേഷതകളും ഉണ്ട്.
വിരാളി പത്മവും, ശ്രീചകപത്മവും ചക്രാബ്ജ വുമൊക്കെ പ്രസിദ്ധങ്ങളാണ്.
ബ്രാഹ്മണ സമൂഹത്തിന്റെ പൂജാവിധികള്‍ക്ക് കണ്ണും കാതും കൂര്‍പ്പിക്കുന്നവര്‍ക്ക് പൂജാവിധികളുടെ സവിശേഷതയും പ്രത്യേകതയും ഏറെയൊന്നും അറിയില്ല.
അരിപ്പൊടി, മഞ്ഞള്‍പ്പൊടി, പച്ചപ്പൊടി(ചില പ്രത്യേക തരം പച്ചിലകളുടെ കൂട്ട്), ചുവന്നപൊടി(മഞ്ഞളും ചുണ്ണാമ്പ്‌പൊടിയും ചേര്‍ത്ത് ഉണ്ടാക്കുന്നത്), കരിപ്പൊടി(ഉമിക്കരി പൊടിച്ച് ഉണ്ടാക്കുന്നത്).
ഇവയൊക്കെ ചേര്‍ത്താണ് പൂജകള്‍ക്കായി പത്മങ്ങള്‍ വരക്കുന്നത്.
ദേവീപൂജകള്‍ക്കും വിഷ്ണുപൂജകള്‍ക്കുമൊക്കെ വരക്കുന്ന പത്മങ്ങള്‍ നൂറുകണക്കിനുണ്ട്.
ദേവീപൂജക്ക് ഉപയോഗിക്കുന്ന വീരാളിപത്മം വരക്കുന്നതിന് പ്രത്യേക ശ്ര്ദധയും കണക്കുകളുമുണ്ട്.
കൃത്യമായി കണക്കുകളറിയുന്ന അഞ്ചാളുകള്‍ അഞ്ച് മണിക്കൂര്‍ ശ്രദ്ധയോടെ ചിലവഴിച്ചാല്‍ മാത്രമേ വീരാളിപത്മം വരച്ച് പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളു.
ശ്രീചക്രപത്മത്തിനും വിഷ്ണുപൂജക്ക് ഉപയോഗിക്കുന്ന ചിത്രാബ്ജ പത്മത്തിനും ഇതേ ശ്രദ്ധയും കണിശതയും വേണം.
കാലത്തിന്റെ ഗതിചകം അതിവേഗം തിരിയുമ്പോഴും, കലികാല വൈകൃതങ്ങള്‍ കൊടികുത്തി വാഴുമ്പോഴും കൈതപ്രം ഗ്രാമത്തിലെ ഓരോ ആണ്‍തരിയും പൂജാവിധികളെ കൈവിടുന്നില്ല.
കാലത്തിന്റെ ഓട്ടത്തിന് വേഗം കൂടുമ്പോഴും എന്നെ ഞാനാക്കിയത് ഈ ഗ്രാമമാണെന്നും ഇവിടുത്തെ ദേവചൈതന്യമാണെന്നും തിരിച്ചറിയുന്ന സമൂഹമാണ് ഇവിടുത്തേത്.
ലോകത്തിന്റെ ഏതുകോണില്‍ എത്ര വര്‍ഷംജോലി നോക്കിയാലും ഒടുക്കം തന്റെ കൈതപ്രത്തേക്ക് തന്നെ മടങ്ങിയെത്തുക എന്ന വികാരം ഈ ഗ്രാമത്തിന്റെ പ്രത്യേകതയാണ്. അതിന് കാരണങ്ങള്‍ പലതായിരിക്കാം.
പക്ഷെ സത്യത്തെ മറന്നുകൊണ്ടുള്ള ജീവിതം ഇവിടുത്തെ ജനങ്ങള്‍ക്കില്ല. ഈ ഗ്രാമത്തില്‍ ജീവിക്കുമ്പോഴും
മറ്റെവിടെയെങ്കിലും ജീവിച്ച് മടങ്ങിയെത്തുമ്പോഴും ഇവര്‍ക്ക് ലഭിക്കുന്ന അനുഭൂതി ഒരുപക്ഷെ കൈതപ്രം ദാമോദരന്‍ നമ്പൂതിരി
പാടിയതുപോലെ– കയ്യെത്തുംദൂരെ ഒരുകുട്ടിക്കാലം–മഴവെള്ളംപോലെ ഒരു കുട്ടിക്കാലം– എന്നതുപോലുള്ള ഓര്‍മ്മകള്‍ കൊണ്ട് തന്നെയായിരിക്കും.
(നാളെ പ്രകൃതിയെ അറിഞ്ഞ് ജീവിക്കാന്‍ വാതില്‍പ്പുറപ്പാട് ചടങ്ങ്)
