ഉദ്ഘാടനത്തിന് ആയിരം പേര്‍ക്കുള്ള സൗകര്യങ്ങള്‍–ഡി.ഐ.ജി.രാഹുല്‍ ആര്‍.നായര്‍ പരിയാരം പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു.

പരിയാരം: മാര്‍ച്ച് ആറിന് ഉദ്ഘാടനം നിശ്ചയിച്ച പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്റെ പുതിയ കെട്ടിടം ഡി.ഐ.ജി രാഹുല്‍.ആര്‍.നായര്‍ സന്ദര്‍ശിച്ചു.

ഉദ്ഘാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനാണ് ഡി.ഐ.ജി എത്തിയത്.

പോലീസ് സ്‌റ്റേഷന്റെ ഉദ്ഘാടനത്തിന് പരമാവധി ആയിരം പേരെവരെ പങ്കെടുപ്പിക്കാന്‍ പ്രാഥമിക ധാരണയായിട്ടുണ്ട്.

ആയിരംപേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യങ്ങളാണ് പോലീസ് സ്‌റ്റേഷന് സമീപം ഒരുക്കുന്നത്.

രാവിലെ 11.30ന് നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.

എം.വിജിന്‍ എം.എല്‍.എ.അധ്യക്ഷത വഹിക്കും.

സംസ്ഥാനത്തെ മറ്റ് ചില പോലീസ് സ്‌റ്റേഷനുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പരിയാരത്ത് നിന്ന് ഓണ്‍ലൈനായി നിര്‍വ്വഹിക്കുന്നുണ്ട്.

അതിനുള്ള സൗകര്യവും പരിയാരത്തെ ഉദ്ഘാടന ചടങ്ങില്‍ ഏര്‍പ്പെടുത്തുന്നുണ്ട്.

റൂറല്‍ ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ്, പയ്യന്നൂര്‍ ഡി.വൈ.എസ്.പി. കെ.ഇ.പ്രേമചന്ദ്രന്‍, പരിയാരം എസ്.എച്ച്.ഒ കെ.വി.ബാബു എന്നിവരും ഡി.ഐ.ജി.യോടൊപ്പം ഉണ്ടായിരുന്നു.