ജില്ലാ ക്ഷീരകര്‍ഷകസംഗമം 18, 19 തീയ്യതികളില്‍ മാതമംഗലത്ത് നടക്കും.

പരിയാരം: ക്ഷീര വികസന വകുപ്പ് കണ്ണൂര്‍ ജില്ലാ ക്ഷീര കര്‍ഷക സംഗമം പേരൂല്‍ ക്ഷീര സംഘത്തിന്റെ ആതിഥേയത്വത്തില്‍ മാര്‍ച്ച് 18, 19 തിയ്യതികളില്‍ മാതമംഗലത്ത് നടക്കും.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പേരൂല്‍ ക്ഷീര സംഘത്തിന്റെ ആതിഥേയത്വത്തിലാണ് പരിപാടി. ക്ഷീര വികസന വകുപ്പിന്റെയും കണ്ണൂര്‍ ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങള്‍, ത്രിതല പഞ്ചായത്തുകള്‍, മില്‍മ, ആത്മ,

കേരള ഫീഡ്‌സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ 2021-22 വര്‍ഷത്തെ കണ്ണൂര്‍ ജില്ലാ ക്ഷീര കര്‍ഷക സംഗമവും ക്ഷീര വികസന വകുപ്പ് സബ്‌സിഡിയോടു കൂടി സ്ഥാപിച്ച കിടാരി പാര്‍ക്കിന്റെ ഉദ്ഘാടനവുമാണ് നടക്കുക.

18 ന് രാവിലെ 7 മണിക്ക് കന്നുകാലി പ്രദര്‍ശനത്തോടെയാണ് പരിപാടിയുടെ തുടക്കം. തുടര്‍ന്ന് രാവിലെ 9 മണിക്ക് നടക്കുന്ന സമ്മേളനം പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.വത്സല ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് ക്ഷീരസംഘം ജീവനക്കാര്‍ക്കുള്ള ശില്പശാല, ഡയറി ക്വിസ് എന്നിവയും വിവിധ കലാ-കായിക മത്സരങ്ങളും നടക്കും.

മാര്‍ച്ച് 19 ന് രാവിലെ ക്ഷീരവികസന സെമിനാറില്‍ ക്ഷീര മേഖലയിലെ സംരംഭകത്വ സാധ്യതകള്‍ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ഡോ.ടി.പി.സേതുമാധവന്‍ വിഷയം അവതരിപ്പിക്കും.

തുടര്‍ന്ന് നടക്കുന്ന കിടാരി പാര്‍ക്കിന്റെയും ജില്ലാ ക്ഷീര സംഗമത്തിന്റെയും ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കും.

ടി.ഐ. മധുസൂദനന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി പങ്കെടുക്കും.

എം.എല്‍.എ മാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, എം.വിജിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

പി.എച്ച്.സിനാജുദ്ധീന്‍, പി.പി. സുനൈന, പി.ഗംഗാധരന്‍, വി.ശ്രീധരന്‍, സി.കെ.ശശി, കെ.വി.കുഞ്ഞിരാമന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.