കുതിരവട്ടം ഓവുചാല്‍-ചെലവ് 10 ലക്ഷം. തളിപ്പറമ്പ് നഗരസഭയില്‍

കരിമ്പം.കെ.പി.രാജീവന്‍

തളിപ്പറമ്പ്: പത്ത്‌ലക്ഷം രൂപ ചെലവ്, മൂന്നാഴ്ച്ചയോളം വാഹനഗാഗതം തടഞ്ഞ് റോഡ് മുറിച്ച് നിര്‍മ്മാണം, പക്ഷെ-നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ പണി പാളി.

എഞ്ചിനീയര്‍മാരും ഓവര്‍സിയര്‍മാരും മറ്റ് സാങ്കേതിക ജീവനക്കാരും പരിചയസമ്പന്നനെന്ന് പറയപ്പെടുന്ന കരാറുകാരനും ചേര്‍ന്ന് നിര്‍മ്മിച്ച ഓവുചാല്‍ കണ്ടാല്‍ കോഴിക്കോട് നിന്ന് കുതിരവട്ടം തളിപ്പറമ്പിലേക്ക് മാറ്റിയോ എന്ന് ആരെങ്കിലും സംശയിച്ചുപോയാല്‍ അവരെ കുറ്റംപറയാനാവില്ല.

കോടതി റോഡില്‍ നിന്നും ചിന്‍മയ റോഡിലേക്കുള്ള ഓവുചാലിലൂടെ വരുന്ന വെള്ളം സുഗമമായി ഒഴുകി പോകാനെന്ന പേരിലാണ് ചിന്‍മയ റോഡില്‍ നിന്നും പാലകുളങ്ങര ഭാഗത്തേക്കുള്ള റോഡിരികില്‍ പുതിയ ഓവുചാല്‍ നിര്‍മ്മിച്ചത്.

എന്നാല്‍ ഓര്‍ക്കാപ്പുറത്ത് മഴ പെയ്തതോടെയാണ് നിര്‍മ്മാണത്തിലെ അശാസ്ത്രീയത പുറത്തായത്.

ഓവുചാലിന് മുകളില്‍ സ്‌ളാബ് പതിക്കാന്‍ വൈകിയതോടെയാണ് വെള്ളം കെട്ടിനില്‍ക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.

ഇപ്പോള്‍ വെള്ളം ഒഴുകിപ്പോകാതെ ഓവുചാലില്‍ തന്നെ കെട്ടിക്കിടക്കുകയാണ്.

വെള്ളം ഒഴുകിപ്പോകാനായി ഓവുചാലിന് അത് ഒഴുകുന്ന ഭാഗത്തേക്ക് താഴ്ച്ച വേണം എന്നറിയാത്ത എഞ്ചിനീയര്‍മാരാണോ  നഗരസഭയില്‍ ഉള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ജനങ്ങളുടെ നികുതിപ്പണം അനാവശ്യമായി ചെലഴിക്കുന്നതിന് ഇതിലും വലിയ ഒരു ഉദാഹരണം വേറെ വേണോ എന്നാണ് നാട്ടുകാരുടെ ചോദ്യം.

വെള്ളം കെട്ടിക്കിടക്കുന്നതോടെ ഓവുചാല്‍ ക്രമേണ മാലിന്യങ്ങള്‍ കുന്നുകൂടി അടഞ്ഞ് നാട്ടുകാര്‍ക്ക് തീരാദുരിതമായി മാറും എന്നതിലപ്പുറം ഈ ഓവുചാല്‍ കൊണ്ട് എന്ത് പ്രയോജനമെന്ന് നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗം ഒന്നു പറഞ്ഞുതന്നാല്‍ ഉപകാരമായിരിക്കുമെന്നാണ് നാട്ടുകാരുടെ ചോദ്യം.