ഡിസംബര്‍ ഒന്ന് മുതല്‍ കമ്പി കുത്തും.–ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ വഴങ്ങി-

കണ്ണൂര്‍: കമ്പികുത്തി പരീക്ഷക്ക് ഡ്രൈവിംഗ് സ്‌ക്കൂള്‍ ഉടമകള്‍ വഴങ്ങി.

ഇന്നലെ കണ്ണൂരില്‍ ആര്‍.ടി.ഒ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

നവംബര്‍ 30 വരെ നിലവില്‍ നടക്കുന്ന രീതിയില്‍ ടെസ്റ്റ് തുടരാനും അതിനുള്ളില്‍ കമ്പ്യൂട്ടറൈസേഷന്‍ നടപ്പിലാവാത്ത പക്ഷം ഡിസംബര്‍ 1 മുതല്‍ കമ്പികുത്തി പരീക്ഷ നടത്താനുമാണ് തീരുമാനം.

ഒരാഴ്ച്ചക്കിടയില്‍ കമ്പ്യൂട്ടറൈസേഷന്‍ നടപ്പിലാവില്ലെന്നത് ഉറപ്പായിരിക്കെ പ്രതിഷേധമുയര്‍ത്തിയ മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങുകയായിരുന്നു.

എല്ലാ ജില്ലകളിലും അക്രഡിറ്റഡ് ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുമെന്ന ഭീഷണി ഉള്‍പ്പെടെ തലക്ക് മുകളില്‍ ഉള്ളപ്പോള്‍ എം.വി.ഡിയിലെ ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങാതിരിക്കാന്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ക്ക് കഴിയില്ലെന്നതാണ് സ്ഥിതി.

ആര്‍.ടി.ഒ ഉണ്ണികൃഷ്ണന്‍ന് പുറമെ തളിപ്പറമ്പ് ജോ.ആര്‍.ടി.ഒയും മറ്റ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

തളിപ്പറമ്പില്‍ നിന്ന് ഡ്രൈവിംഗ് സ്‌കൂള്‍ സംഘടനാ പ്രതിനിധികളായി വിജയന്‍ ഭാരതി, വി.പി.പൈലി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

കണ്ണൂര്‍, തളിപ്പറമ്പ് ആര്‍.ടി.ഒ ഓഫീസ് പരിധിയില്‍ ഡിസംബര്‍ ഒന്ന് മുതല്‍ കമ്പികുത്തി പരീക്ഷ നടത്താന്‍ തത്വത്തില്‍ തീരുമാനമെടുത്താണ് യോഗം പിരിഞ്ഞത്.

പയ്യന്നൂര്‍, ഇരിട്ടി, തലശേരി എന്നിവിടങ്ങളില്‍ കമ്പികുത്തി പരീക്ഷയാണ് നടന്നുവരുന്നത്.

കണ്ണൂരിലും തളിപ്പറമ്പിലുമായി കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റിംഗ് ഗ്രൗണ്ടുകള്‍ ആരംഭിക്കാന്‍ 10 കോടിയോളം രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്.