പ്രഥമ മോണ്‍. മാത്യു എം ചാലില്‍ എക്‌സലന്‍സ് അവാര്‍ഡ് വിമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളജിന്
കണ്ണൂര്‍: മലബാറിന്റെ സമഗ്ര വികസനത്തിനായി ആറു പതിറ്റാണ്ടിലധികം നിസ്തുല സേവനം ചെയ്ത അന്തരിച്ച മോണ്‍. മാത്യു. എം ചാലിലിന്റെ സ്മരണയ്ക്കായി ബിഷപ് വള്ളോപ്പിള്ളി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് ചെമ്പേരി വിമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജിന്. മോണ്‍. ചാലിലിന്റെ ഒന്നാം ചരമവാര്‍ഷിക ദിനമായ മാര്‍ച്ച് അഞ്ചിന് ചെമ്പേരിയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങിയ അവാര്‍ഡ് സമ്മാനിക്കുമെന്ന് അവാര്‍ഡ് നിര്‍ണയ കമ്മിറ്റി ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് എമിറേറ്റസ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബിഷപ് വള്ളോപ്പിള്ളി ഫൗണ്ടേഷന്‍ ചെയര്‍മാന്‍മാത്യു എം.കണ്ടത്തില്‍, സെക്രട്ടറി സണ്ണി ആശാരിപറമ്പില്‍, കോര്‍ഡിനേറ്റര്‍ ഡി.പി.ജോസ് എന്നിവര്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനെ അറിയിച്ചു. മഹാത്മാഗാന്ധി സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ്, കേരള ഫോക്ലോര്‍ അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രൊഫ. മുഹമ്മദ് അഹമ്മദ്, പ്രമുഖ ഗാന്ധിയനായ ഡോ.എന്‍. രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് വിമല്‍ജ്യോതിയെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. ഇനി മുതല്‍ എല്ലാ വര്‍ഷവും മോണ്‍. മാത്യു എം ചാലിലിന്റെ ചരമവാര്‍ഷിക ദിനത്തില്‍ വിവിധ മേഖലകളിലെ സമഗ്ര വികസനത്തിനും പുരോഗതിക്കുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും അവാര്‍ഡ് നല്‍കും. അവികസിതമായ മലയോര ഗ്രാമത്തില്‍ രണ്ടു പതിറ്റാണ്ട് മുമ്പ് ആരംഭിച്ച വിമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജ് കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായി വളര്‍ന്നു. കലാലയങ്ങള്‍ കലാപരൂക്ഷിതമാകുന്ന ഈ കാലഘട്ടത്തില്‍ തങ്ങളുടെ മക്കള്‍ക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം നല്‍കുന്നതിന് അനുയോജ്യമായ കലാലയ അന്തരീക്ഷമാണ് വിമല്‍ ജ്യോതിയുടെ വിജയത്തിന്റെ പ്രധാന ഘടകമെന്നു കമ്മിറ്റി വിലയിരുത്തി. ഓട്ടോണമസ് പദവി ലഭിച്ച രാജ്യത്തെ അപൂര്‍വം എന്‍ജിനീയറിംഗ് കോളജുകളുടെ പട്ടികയില്‍ ഈ കോളേജ് സ്ഥാനം പിടിച്ചിട്ടുണ്ട്. തലശ്ശേരി അതിരൂപതയുടെ കീഴില്‍ 2002ല്‍ ആരംഭിച്ച ഈ സ്ഥാപനത്തിനു മികവിന്റെ അംഗീകാരമായാണ് സ്വയം ഭരണ പദവി നല്‍കാനുള്ള ശുപാര്‍ശയ്ക്ക് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യു.ജി.സി) അംഗീകാരം നല്‍കിയത്.
തലശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി രക്ഷാധികാരിയായും അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി മുതുകുന്നേല്‍ ചെയര്‍മാനും ഫാ. ജയിംസ് ചെല്ലങ്കോട്ട് മാനേജരും ഡോ. ബെന്നി ജോസഫ് പ്രിന്‍സിപ്പലുമായ ഭരണസംവിധാനമാണ് നിലവില്‍ വിമല്‍ജ്യോതിക്ക് നേതൃത്വം നല്‍കുന്നത്. അന്തരിച്ച മോണ്‍. മാത്യു എം. ചാലിലിന്റെ ദീര്‍ഘദൃഷ്ടിയും ത്യാഗോജ്വലമായ സേവനവുമാണ് വിമല്‍ജ്യോതിയുടെ തുടക്കത്തിനും വളര്‍ച്ചയ്ക്കും പിന്നിലെ ചാലക ശക്തി.
പുതിയ കാലഘട്ടത്തിനിണങ്ങുന്ന അതിനൂതനമായ കോഴ്‌സുകളും സാങ്കേതിക സൗകര്യങ്ങളും ഉപയോഗപ്പെടുത്തി വിമല്‍ജ്യോതി ഒരു മികവിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് അവാര്‍ഡ് നിര്‍ണയ കമ്മിറ്റി വിലയിരുത്തി.
മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്, സിവില്‍ എന്‍ജിനിയറിംഗ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ്, അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡാറ്റാ സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഡിസൈന്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് സൈബര്‍ സെക്യൂരിറ്റി, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ബിസിനസ് സിസ്റ്റം, എന്നീ ബിടെക് പ്രോഗ്രാമുകളും എം.ടെക്, പി.എച്ച്.ഡി, എം.ബി.എ, വിദേശഭാഷാ പഠനസൗകര്യം മുതലായവയും 2500ലധികം വിദ്യാര്‍ഥികളും ഇരുന്നൂറോളം അധ്യാപകരുമടക്കം മുന്നൂറോളം സ്റ്റാഫ് അംഗങ്ങളും എല്ലാം ഒത്തുചേരുന്ന മനോഹരമായ കാമ്പസാണ് മലബാറിലെ പഠനമികവിന്റെ കേന്ദ്രമായ വിമല്‍ജ്യോതി.
