മറ്റൊരു ലാവ്ലിന്‍ ആകുമോ ? ഏരുവേശി കള്ളവോട്ട് കേസ് 64-ാം തവണയും മാറ്റിവെച്ചു-

തളിപ്പറമ്പ്: പ്രമാദമായ ഏരുവേശി കള്ളവോട്ട് കേസ് മറ്റൊരു ലാവ്ലിന്‍ കേസായി മാറുമോ എന്ന ആശങ്കയില്‍ പരാതിക്കാരനായ ജോസഫ് കൊട്ടുകാപ്പള്ളി.

ഇന്നലെ നടന്ന മാറ്റിവെക്കലോടെ ഇത് 64-ാം തവണയാണ് കേസ് മാറ്റിവെക്കുന്നത്.

2014 ഏപ്രില്‍ 13 ന് ഫയല്‍ ചെയ്ത കേസാണ് 10 വര്‍ഷം തികയാന്‍ പോകുന്നതിനിടയില്‍ 64 തവണ മാറ്റിവെച്ചത്. കോണ്‍ഗ്രസ് ഏരുവേശി മണ്ഡലം മുന്‍ പ്രസിഡന്റ് ജോസഫ് കൊട്ടുകാപ്പള്ളിയാണ് സംഭവത്തില്‍ പരാതി നല്‍കിയത്.

കേസില്‍ അഞ്ച് ഉദ്യോഗസ്ഥരെ പൊലീസ് കുറ്റക്കാരായി കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍നടപടികളുടെ ഭാഗമായിട്ടാണ് വോട്ട് ചെയ്ത 19 പേരെ കോടതി മുമ്പാകെ ഹാജരാക്കാന്‍ കുടിയാന്‍മല പൊലീസിനോട് നിര്‍ദ്ദേശിച്ചിരുന്നത്.

2014 ല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കെ.സുധാകരനും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പി.കെ.ശ്രീമതിയും ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പിലാണ് കള്ളവോട്ട് നടന്നത്.

അന്ന് മണ്ഡലം പ്രസിഡന്റായിരുന്ന ജോസഫ് കൊട്ടുകാപ്പള്ളിക്ക് കള്ളവോട്ടിനെ എതിര്‍ത്തതിന്റെ പേരില്‍ മര്‍ദ്ദനമേറ്റിരുന്നു.

2014 ഏപ്രില്‍ 13 നാണ് ഇദ്ദേഹം തളിപ്പറമ്പ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

തളിപ്പറമ്പിലെ അഭിഭാഷകന്‍ വി.എ.സതീഷാണ് കൊട്ടുകാപള്ളിക്കായി കോടതിയില്‍ ഹാജരാകുന്നത്.

കള്ളവോട്ട് ചെയ്തവരെയും യഥാര്‍ത്ഥ വോട്ടര്‍മാരേയും കണ്ടെത്തി ചാര്‍ജ്ഷീറ്റ് ഹാജരാക്കണമെന്നാണ് 2023 നവംബര്‍ 7 ന് കോടതി കുടിയാന്‍മല പോലീസിന് നിര്‍ദ്ദേശം നല്‍കിയത്.

19 പേര്‍ കള്ളവോട്ട് ചെയ്തതായും ഇതിന് 5 ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുകയും ചെയ്തതായാണ് നേരത്തെ കോടതി കണ്ടെത്തിയിരുന്നത്.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തിലെ എരുവേശി യു.പി.സ്‌കൂളിലെ ബൂത്തില്‍ 154 കള്ളവോട്ട് നടന്നുവെന്നും അതിന് ബൂത്ത് ഏജന്റ് ഉള്‍പ്പെടെ ആറു പേര്‍ സഹായിച്ചെന്നും ആരോപിച്ചാണ് ജോസഫ് കൊട്ടുകാപ്പള്ളിപരാതി നല്‍കിയത്.

ഇന്നലെ കേസ് വീണ്ടും ഫിബ്രവരി 20 ലേക്കാണ് മാറ്റിയിരിക്കുന്നത്. എല്ലാ തവണയും കോടതിയില്‍ ഹാജരാകുന്ന കൊട്ടുകാപ്പള്ളിക്ക് രണ്ടരലക്ഷം രൂപയിലധികം കേസിന് ചെലവായിട്ടുണ്ട്.