മാതമംഗലം: കലാ സാംസ്‌കാരിക സംഘടനയായ ഫെയ്‌സ് മാതമംഗലം നല്‍കി വരുന്ന കേസരി നായനാര്‍ പുരസ്‌കാരത്തിന്റെ സമര്‍പ്പണം ജനുവരി 25 ന് ഞായറാഴ്ച്ച വൈകുന്നേരം 4.30 ന് മാതമംഗലത്ത് വെച്ച് നടക്കും.
സംഗീതരംഗത്തെ സമഗ്രസംഭാവന പരിഗണിച്ച് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കാണ് 2025-ലെ പുരസ്‌കാരം നല്‍കുന്നത്.
സിനിമാ സംവിധായകന്‍ സിബി മലയില്‍ പുരസ്‌കാരം കൈമാറും.
സി.സത്യപാലന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ. ജിനേഷ്‌കുമാര്‍ എരമം പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തും.
കല-സാഹിത്യ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
2014 മുതലാണ് മലയാളത്തിലെ ആദ്യ ചെറുകഥാകാരനും സാമൂഹ്യ പരിഷ്‌കരണവാദിയുമായ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ സ്മരണയ്ക്കായുള്ള കേസരി നായനാര്‍ പുരസ്‌കാരം നല്‍കി വരുന്നത്.
ഇരുപത്തയ്യായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം.
പുരസകാര ചടങ്ങിനോടനുബന്ധിച്ച് കലാപ്രതിഭകള്‍ അണിനിരക്കുന്ന സ്വാഗതഗാന സംഗീതിക, കൈതപ്രം ഗാനങ്ങള്‍ കോര്‍ത്തിണക്കി ഗീതാഞ്ജലി സംഗീത വിദ്യാലയം ഒരുക്കുന്ന നൃത്ത സംഗീതശില്പം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
പത്താമത് പുരസ്‌കാര സമര്‍പ്പണ ചടങ്ങിന്റെ ഭാഗമായി ജനുവരി 26, 27 തീയ്യതികളില്‍ വൈകുന്നേരം 7 മണിക്ക് മാതമംഗലം പുതിയ ബസ്സ്റ്റാന്റില്‍ നാടകോത്സവവും നടക്കുന്നതാണ്.
26 ന് അമ്പലപ്പുഴ സാരഥിയുടെ നവജാത ശിശു വയസ് 84 എന്ന നാടകവും 27 ന് പത്തനാപുരം ഗാന്ധിഭവന്‍ തീയ്യേറ്റര്‍ ഇന്ത്യ അവതരിപ്പിക്കുന്ന ഗാന്ധി എന്ന നാടകവും അരങ്ങേറും.