ഞെട്ടിപ്പിക്കുന്ന എഴുത്ത്‌ലോട്ടറി-കള്ളാറില്‍ ഒരാള്‍ അറസ്റ്റില്‍.

കള്ളാര്‍: പരസ്യമായി സമാന്തര എഴുത്ത്‌ലോട്ടറി കച്ചവടം നടത്തിയ യുവാവ് അറസ്റ്റില്‍.

മാലോം തുള്ളിയിലെ ചാലിന്‍കര വീട്ടില്‍ ബി.സജീവനെയാണ്(39) രാജപുരം എസ്.ഐ സി.പ്രദീപ്കുമാര്‍ അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെ 11.10 ന് ചെറിയ കള്ളാറിലെ ബേബി ബേക്കറിയുടെ സമീപത്തുവെച്ചാണ് ഇയാള്‍ പിടിയിലായത്.

റോഡരികില്‍ കെ.എല്‍-13 എഫ്-3965 ബുള്ളറ്റ് ബൈക്കിലിരുന്നാണ് കച്ചവടം നടത്തിയിരുന്നത്.

പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ഈ സമയം ലോട്ടറി വാങ്ങാനെത്തിയ ഒരാള്‍ ഓടിരക്ഷപ്പെടുകയും ചെയ്തു. പോലീസ് പരിശോധിച്ചപ്പോള്‍ നമ്പറുകള്‍ എഴുതിയ തുണ്ടുകടലാസുകള്‍ ഇയാളുടെ പോക്കറ്റില്‍ നിന്ന് പിടിച്ചെടുത്തു.

1040 രൂപയും പോലീസ് പിടിച്ചെടുത്തു. ഉടന്‍പണം എന്ന പേരില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഇയാള്‍ എഴുത്ത്‌ലോട്ടറി ഇടപാടുകല്‍ നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

34 അംഗങ്ങളാണ് ഈ ഗ്രൂപ്പിലുണ്ടായിരുന്നത്. 2024 ജൂലായ് 15 മുതലാണ് ഗ്രൂപ്പ് ആരംഭിച്ചത്.

കേരളാ ലോട്ടറിയുടെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റിന്റെ അവസാനത്തെ മൂന്നക്കത്തിന് 5000 രൂപയും തുടര്‍ന്നുള്ള മറ്റ് സമ്മാനങ്ങള്‍ക്ക് 1000, 500 എന്നിങ്ങനെയുമാണ് സമ്മാനങ്ങള്‍ നല്‍കുക.

അവസാന അക്കത്തിന് 20 രൂപയാണ് സമ്മാനം. നിരവധിയാളുകള്‍ വ്യത്യസ്ത നമ്പറുകള്‍ക്കായി ആയിരക്കണക്കിന് രൂപ ഗൂഗില്‍പേ വഴി അയച്ചുകൊടുത്തിട്ടുണ്ട്.

ഇ.ബി.രമേശന്‍ 4884 രൂപയും ശ്രീമീനൂട്ടി 690 രൂപയും നിധിന്‍ ദേവസ്യ 1700 രൂപയും അയച്ചുകൊടുത്തതായി വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

കാസര്‍ഗോഡ് ജില്ലയിലെ പ്രധാന എഴുത്ത്‌ലോട്ടറി കച്ചവടക്കാരനാണ് സജീവനെന്നും, വളരെ വിപുലമായ രീതിയിലുള്ള എഴുത്ത്‌ലോട്ടറികളാണ് ഈ പ്രദേശത്ത് നടക്കുന്നതെന്നും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.

സി.പി.ഒമാരായ സജീവന്‍, ഷിന്റോ ഏബ്രഹാം എന്നിവരും ഇയാളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.