വ്യാജ ബില്‍ഡിംഗ് പെര്‍മിറ്റ് നിര്‍മ്മിച്ച് കെട്ടിടം നിര്‍മ്മിച്ചു; കുറ്റിക്കോല്‍ പഞ്ചായത്തില്‍ തട്ടിപ്പുകളും തരികിടകളും തകൃതി.
കുറ്റിക്കോല്‍: കെട്ടിട നിര്‍മ്മാണ അനുമതിപത്രം വ്യാജമായി നിര്‍മ്മിച്ച് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ ശ്രമിച്ചയാളെ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ കയ്യോടെ പിടികൂടി.
കുറ്റിക്കോല്‍ ചിറ്റപ്പന്‍കുണ്ടിലെ സുധീഷ് കുമാറിന്റെ പേരില്‍ പഞ്ചായത്ത് സെക്രട്ടെറി എന്‍.അനില്‍കുമാറിന്റെ പരാതിയില്‍ ബേഡകം പോലീസ് കേസെടുത്തു.
കെ.വിജയലക്ഷ്മി വള്ളിവളപ്പ്, കുറ്റിക്കോല്‍ എന്ന വ്യക്തിയുടെ SC 3/682/2021 കെട്ടിട നിര്‍മാണ ഫയല്‍ നമ്പറില്‍ SC 3 ആഅ (70908) 2021 പെര്‍മിറ്റ് നമ്പര്‍ പ്രകാരമുള്ള അനുമതിപത്രവും ആയതിന്റെ ക്യു.ആര്‍.കോഡും ഉപയോഗിച്ച് സുധീഷ് കുമാറിന്റെ പേരില്‍ വ്യാജ കെട്ടിട നിര്‍മാണ അനുമതിപത്രം നിര്‍മ്മിക്കുകയായിരുന്നു.
ഇത് ഒറിജിനല്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ആഗസ്റ്റ് – 6 ന് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കുകയായിരുന്നു.
ആദ്യം പ്ലാന്‍ നല്‍കിയ എഞ്ചിനീയറെ മാറ്റണമെന്ന സുധീഷ് കുമാറിന്റെ ആവശ്യപ്രകാരം ഫയല്‍ പരിശോധിച്ചപ്പോള്‍ സംശയം തോന്നിയ സെക്രട്ടെറി അനില്‍ കുമാര്‍ ക്യു.ആര്‍.കോഡ് സ്‌കാന്‍ ചെയ്ത് നോക്കിയതോടെയാണ് പെര്‍മിറ്റ് വ്യാജമാണെന്ന് വ്യക്തമായത്.
ബേത്തൂര്‍പാറ സ്വദേശിയായ ഒരു എഞ്ചിനീയറാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് സൂചന.
നേരത്തെ ഇത്തരത്തില്‍ ഒരു വ്യാപാര സമുച്ചയത്തിന്റെ നിര്‍മാണം നടന്നതും പഞ്ചായത്ത് അധികൃതര്‍ പിടികൂടുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നെങ്കിലും അന്വേഷണം എവിടെയും എത്തിയിട്ടില്ല.