വ്യാജസ്വര്‍ണം പണയംവെച്ച കടന്നപ്പള്ളി ചന്തപ്പുര സ്വദേശി അറസ്റ്റില്‍.

പഴയങ്ങാടി: ഫെഡറല്‍ ബാങ്ക് പഴയങ്ങാടി ശാഖയില്‍ മുക്കുപണ്ടം പണയം വെച്ചു 13,82,000 രൂപ തട്ടിയെടുത്ത കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന യുവാവ് അറസ്റ്റില്‍.

എറണാകുളത്ത് ഒളിവില്‍ കഴിയുകയായിരുന്ന കടന്നപ്പള്ളി ചന്തപ്പുര സ്വദേശിയായ സുഹറാസില്‍ മുഹമ്മദ് റിഫാസിനെ (36)യാണ് പഴയങ്ങാടി എസ്.എച്ച്.ഒ സന്തോഷ് കുമാറിന്റേയും, എസ്.ഐ.രൂപ മധുസൂദനന്റേയും നിര്‍ദേശാപ്രകാരം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ നൗഫല്‍ അഞ്ചില്ലത്ത്, ഷിജോ അഗസ്റ്റിന്‍, ചന്ദ്രകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.

2020- ഒക്ടോബര്‍ ഇരുപതു മുതല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രവരി ഒന്നു വരെയുളള കാലഘട്ടങ്ങളില്‍ റിഫാസ് പല ദിവസങ്ങളിലായാണ് സ്വര്‍ണം പണയം വെച്ചത്. 330.6 ഗ്രാം സ്വര്‍ണമാണ് ബാങ്കില്‍ പണയംവെച്ചത്.

മാല, വള തുടങ്ങിയവായിരുന്നു ഉരുപ്പടികള്‍. ആദ്യം സ്വര്‍ണം പണയംവെച്ച സ്വര്‍ണാഭരണങ്ങളുടെ കാലാവധികഴിഞ്ഞ ഫെബ്രുവരി മാസമായിരുന്നു.

കാലാവധി കഴിഞ്ഞിട്ടും സ്വര്‍ണം തിരിച്ചെടുക്കാത്തതിനെ തുടര്‍ന്ന് ബാങ്ക്അധികൃതര്‍ നോട്ടീസ് അയച്ചിട്ടും പ്രതികരണമൊന്നുമുണ്ടായിരുന്നില്ല.

തിരിച്ചെടുക്കാത്ത പണയപണ്ടങ്ങള്‍ലേലം ചെയ്തു വില്‍ക്കാറാണ് ബാങ്കിന്റെ നിയമാനുസൃതമായ നടപടി.

ഇതിനുമുന്നോടിയായ റിഫാസ് പണയം വെച്ച സ്വര്‍ണാഭരണങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംശയം തോന്നിയത്.

തുടര്‍ന്ന് ആഭരണം മുറിച്ചെടുത്ത് പരിശോധിക്കാന്‍ ബാങ്ക് അധികൃതര്‍ ഹെഡ് ഓഫീസിന്റെ അനുമതി തേടി. കഴിഞ്ഞ ജൂണ്‍ മാസമാണ് ഇതിനായുളള അനുമതി ലഭിച്ചത്.

ഇതേ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് വ്യാജസ്വര്‍ണമാണെന്ന് കണ്ടെത്തിയത്. മൂന്ന് ഗ്രാം സ്വര്‍ണം പൂശിയ പൈപ്പ് ആഭരണമായിരുന്നു റിഫാസ് പണയം വെച്ചത്.

റിഫാസിനെ കൊണ്ടു ആഭരണം തിരിച്ചെടുക്കാനും ബാങ്കിന് ലഭിക്കേണ്ട പണം അടപ്പിക്കാനും വണ്‍ടൈം സെറ്റില്‍മെന്റിന് അധികൃതര്‍ ശ്രമിച്ചുവെങ്കിലും റിഫാസിനെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല.

ഇതേ തുടര്‍ന്നാണ് ഫെഡറല്‍ ബാങ്ക് പഴയങ്ങാടി ശാഖാ സീനിയര്‍ മാനേജര്‍ വി.ഹരി പോലീസില്‍ പരാതി നല്‍കിയത്.

ചന്തപ്പുര സ്വദേശിയാണെങ്കിലും മുഹമ്മദ്റിഫാസിന്റെ പ്രവര്‍ത്തന കേന്ദ്രം മലപ്പുറമാണ്.

അവിടെ റിയല്‍ എസ്റ്റേറ്റ്, വാഹന ഇടപാട് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പോലിസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍, പഴയങ്ങാടി എസ്.എച്ച്.ഒ ടി.എന്‍.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം ആദ്യഘട്ടത്തില്‍ ആരംഭിച്ചത്.

അന്വേഷണം ആരംഭിച്ചതോടെ ഒളിവില്‍ പോയ റിഫാസിനേയാണ് ഇപ്പോള്‍ പിടികൂടിയിട്ടുള്ളത്.