ഫാം ടു മലബാര്‍ രണ്ടാം യാത്ര ഫെബ്രുവരി-28ന്

കണ്ണൂര്‍: മലബാറിന്റെ ടൂറിസം സാധ്യതകള്‍ വ്യാപിപ്പിക്കുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പ് വിവിധ ഏജന്‍സികളുമായി സഹകരിച്ച് നടപ്പാക്കുന്ന ഫാം ടു മലബാര്‍ 500 പദ്ധതിയുടെ രണ്ടാം ഫാം ട്രിപ്പ് ഫെബ്രുവരി 28 ന് കണ്ണൂര്‍ നിന്ന് തുടങ്ങും.

രാവിലെ 10 ന് കണ്ണൂര്‍ കനോയ് ഹോട്ടലില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ എം എല്‍ എ, മേയര്‍ ടി ഒ മോഹനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് പി പി ദിവ്യ എന്നിവര്‍ ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും.

വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സുമായി സഹകരിച്ചാണ് ഫാം ടൂര്‍ സംഘടിപ്പിക്കുന്നത്.

കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനൊപ്പം മലബാറിലെ വ്യത്യസ്തങ്ങളായ അനുഭവങ്ങളും ടൂര്‍ ഓപറേറ്റര്‍മാര്‍ക്ക് ആസ്വദിക്കാം.

ഫാം ടൂര്‍ എന്ന ഇത്തരം ടൂറുകളിലൂടെയാണ് ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ലഭിക്കുക.

തുടര്‍ന്ന് ടൂര്‍ പാക്കേജുകളില്‍ ഈ കേന്ദ്രങ്ങളും അവിടുത്തെ അനുഭവങ്ങളും ഉള്‍പ്പെടുത്തും.

കണ്ണൂര്‍ കുഞ്ഞിമംഗലത്തെ വെങ്കല ഗ്രാമം, കവ്വായിക്കായലില്‍ കയാക്കിംഗ്, വയനാട് ഊരുകളിലെ ഭക്ഷണ വൈവിധ്യം തുടങ്ങിയവ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് അനുഭവിച്ചറിയാനാകും