പുരസ്‌ക്കാരങ്ങളും ഫെലോഷിപ്പുകളും-ഇപ്പോള്‍ അപേക്ഷിക്കാം-

നാടന്‍ കലാകാര പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
കേരള ഫോക്‌ലോര്‍ അക്കാദമി 2021ലെ നാടന്‍ കലാകാര പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലമാണ് അവാര്‍ഡിന് പരിഗണിക്കുക. കലാകാരന്റെ പേര്, വിലാസം, ജനന തീയതി, അവാര്‍ഡിന് അപേക്ഷിക്കുന്ന കലാരൂപം, ഫോണ്‍ നമ്പര്‍ എന്നിവ അപേക്ഷയോടൊപ്പം ചേര്‍ക്കണം. അപേക്ഷ എഴുതിയോ ടൈപ്പ് ചെയ്‌തോ കലാകാരന്റെ ഒപ്പ് രേഖപ്പെടുത്തിയാണ് സമര്‍പ്പിക്കേണ്ടത്. കലാരംഗത്തെ പരിചയം തെളിയിക്കുന്ന കോര്‍പ്പറേഷന്‍/മുന്‍സിപ്പല്‍/ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്നിവരുടെ പരിചയപ്പെടുത്തല്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ചേര്‍ക്കണം. പ്രാഗത്ഭ്യം തെളിയിക്കാന്‍ മറ്റു ജനപ്രതിനിധികളില്‍നിന്നോ സാംസ്‌കാരിക സ്ഥാപനങ്ങള്‍, അനുഷ്ഠാനകലയാണെങ്കില്‍ ബന്ധപ്പെട്ട കാവുകള്‍, ക്ഷേത്രങ്ങള്‍ എന്നിവയുടെ പ്രതിനിധികളില്‍ നിന്നോ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ചേര്‍ക്കാം. ഒരാളുടെ പേര് മറ്റേതെങ്കിലും വ്യക്തിയോ, കലാ സംഘടനയോ അവാര്‍ഡിന് നിര്‍ദ്ദേശിക്കുകയാണെങ്കില്‍ ആ അപേക്ഷയിലും മേല്‍പറഞ്ഞ വിവരങ്ങള്‍ ഉള്‍പ്പെടുത്തണം. അതോടൊപ്പം കലാകാരന്റെ സമ്മതപത്രവും നല്‍കണം. അപേക്ഷകന്‍ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ കോപ്പി, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കണം. അപേക്ഷിക്കേണ്ട അവാര്‍ഡുകളും അവയ്ക്കുളള പ്രത്യേക നിബന്ധനകളും താഴെ ചേര്‍ക്കുന്നു.
ഫെല്ലോഷിപ്പ്
നാടന്‍ കലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചം, മുന്‍ വര്‍ഷങ്ങളില്‍ അക്കാദമിയുടെ അവാര്‍ഡിന് അര്‍ഹരായ 30 വര്‍ഷത്തെ കലാപ്രാവീണ്യമുള്ള നാടന്‍ കലാകാരാന്‍മാര്‍ക്ക് അപേക്ഷിക്കാം.
അവാര്‍ഡ്
നാടന്‍ കലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച 20 വര്‍ഷത്തെ പ്രാവീണ്യമുള്ള നാടന്‍ കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം
ഗുരുപൂജ പുരസ്‌കാരം
65 വയസ്സ് പൂര്‍ത്തിയായ നാടന്‍ കലാകാരന്‍മാരെയാണ് ഇതിനായി പരിഗണിക്കുക. അവാര്‍ഡുകള്‍ ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
യുവപ്രതിഭാ പുരസ്‌കാരം
നാടന്‍കലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച യുവനാടന്‍ കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി പതിനെട്ടിനും 40 വയസ്സിനും മധ്യേ.
പഠന ഗവേഷണ ഗ്രന്ഥങ്ങള്‍ക്ക് അവാര്‍ഡ്
നാടന്‍ കലകളെ ആധാരമാക്കി രചിച്ച പഠന ഗവേഷണ ഗ്രന്ഥങ്ങള്‍ക്ക് കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡുകള്‍ നല്‍കുന്നു. 2019, 2020, 2021 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളാണ് പരിഗണിക്കുക. ഗ്രന്ഥകാരന്‍മാര്‍ക്കും പുസ്തക പ്രസാധകര്‍ക്കും പുസ്തകങ്ങള്‍ സമര്‍പ്പിക്കാം. വായനക്കാര്‍ക്കും മികച്ച ഗ്രന്ഥങ്ങള്‍ നിര്‍ദ്ദേശിക്കാം. അപേക്ഷയോടൊപ്പം പുസ്തകങ്ങളുടെ മൂന്ന് കോപ്പി അടക്കം ചെയ്യണം.
ഡോക്യുമെന്ററി പുരസ്‌കാരം
നാടന്‍ കലകളെ ആധാരമാക്കിയുള്ള ഡോക്യുമെന്ററിക്ക് പ്രത്യേക പുരസ്‌കാരം നല്‍കാന്‍ കേരള ഫോക്‌ലോര്‍ അക്കാദമി അപേക്ഷ ക്ഷണിച്ചു. അര മണിക്കൂറില്‍ കവിയാത്ത 2019 മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലഘട്ടത്തില്‍ നിര്‍മ്മിച്ച ഡോക്യുമെന്ററിയാണ് പരിഗണിക്കുക. അപേക്ഷയോടൊപ്പം ഡോക്യുമെന്ററിയുടെ മൂന്ന് സിഡികള്‍ ഉണ്ടാവണം. എപ്പോള്‍ നിര്‍മ്മിച്ചതാണെന്നുള്ള
കലാകാരന്റെ സത്യവാങ്മൂലം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷകള്‍ ഏപ്രില്‍ 15 നുള്ളില്‍ സെക്രട്ടറി, കേരള ഫോക്‌ലോര്‍ അക്കാദമി, പി ഒ ചിറക്കല്‍, കണ്ണൂര്‍11 എന്ന വിലാസത്തില്‍ ലഭിക്കണം. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും കലാകാരന്‍മാരെ നിര്‍ദ്ദേശിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അക്കാദമി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0497 2778090.
