സിനിമാനടന്‍ ഒറ്റാല്‍ വാസവന്‍(76) നിര്യാതനായി.

ആലപ്പുഴ: ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ കുമരകം വാസുദേവന്‍ (ഒറ്റാല്‍ വാസവന്‍-76) നിര്യാതനായി.

രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.

2014 ല്‍ പുറത്തിറങ്ങിയ ഒറ്റാലില്‍ വല്ല്യപ്പച്ചായി എന്ന കഥാപാത്രത്തെയാണ് വാസുദേവന്‍ അവതരിപ്പിച്ചത്.

വേമ്പനാട്ട് കായലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന വാസുദേവനെ യാദൃച്ഛികമായി കണ്ട സംവിധായകന്‍ തന്റെ സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു.

കെ. മോഹന്‍, വിനോദ് വിജയന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ഒറ്റാല്‍ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു.

ഒറ്റാലിന് പുറമെ ഭയാനകം, കാറ്റിലൊരു പായ്കപ്പല്‍ (ഷോര്‍ട്ട് ഫിലിം) എന്നിവയിലും അഭിനയിച്ചിട്ടുണ്ട്.

രാജമ്മയാണ് ഭാര്യ. മക്കള്‍: ഷാജി ലാല്‍, ഷീബ.

വേമ്പനാട്ട് കായലില്‍ മീന്‍ പിടിച്ച് വള്ളത്തില്‍ വരുന്നവഴി സംവിധായകന്‍ ജയരാജ് കുമരകം വാസുദേവനോട് ഒരു ചോദ്യം, ‘സിനിമയില്‍  അഭിനയിക്കാമോ? ആദ്യം ഒന്ന് സംശയിച്ചു നിന്നുവെങ്കിലും വാസുദേവന്‍ ഒടുവില്‍ സമ്മതം മൂളി.

ഒടുവില്‍ ഒറ്റാലിലെ വല്ല്യപ്പച്ചായിയായി. വാര്‍ധക്യത്തില്‍ അപ്രതീക്ഷിതമായി കടന്നുവന്ന ഭാഗ്യത്തില്‍ വാസുദേവന്‍ ഒരുപാട് സന്തോഷിച്ചു.

ഒറ്റാല്‍ ഗംഭീര അഭിപ്രായങ്ങള്‍ നേടി, ദേശീയ പുരസ്‌കാരമടക്കം സ്വന്തമാക്കി.

ഒടുവില്‍ കുമരകം വാസുദേവന്‍ ഒറ്റാല്‍ വാസവനായി. സിനിമയില്‍ ഗംഭീര പ്രകടനം കാഴ്ച വച്ച വാസുദേവന് സംവിധായകന്‍ ജയരാജ് ഒരു വള്ളം സമ്മാനമായി നല്‍കി.

കാലപ്പഴക്കം മൂലം വാസുദേവന്റെ പഴയ വള്ളത്തിന് കേടുപാടുകള്‍ സംഭവിച്ചിരുത് ജയരാജിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പുതിയ വള്ളത്തിന് ഒറ്റാല്‍ എന്ന് പേരിടുകയും ചെയ്തു.