ഏറുപടക്കം പൊട്ടി-യുവാവിന്റെ കൈപ്പത്തി ചിതറി—
തലശ്ശേരി:ഏറുപടക്കം പൊട്ടി യുവാവിന്റെ കൈപത്തി ചിതറി. കതിരൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആറാം മൈലില്‍ കുന്നിന്മീത്തലിലാണ് സംഭവം.
പടക്കം പൊട്ടി ഇരു കൈപത്തികള്‍ക്കും ഗുരുതരമായി പരിക്കേറ്റ കുന്നിന് മീത്തല്‍ അഫ്‌നാസില്‍ ഉവൈസിനെ (23) കണ്ണൂര്‍ ചാലയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇടത് കൈപത്തി അറ്റനിലയിലുമാണ്. ഗള്‍ഫില്‍ നിന്നും രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയതായിരുന്നു ഉവൈസ്.
ദീപാവലി ആഘോഷിക്കാന്‍ ഉവൈസ് സുഹൃത്തും ഫാസ്റ്റ്ഫുഡ് കട ഉടമയുമായ ഷാഫിയേയും കൂട്ടി കതിരൂരില്‍ നിന്നും പടക്കങ്ങള്‍ വാങ്ങി ആറാം മൈലില്‍ എത്തിയപ്പോള്‍ ഉവൈസ് ഏറുപടക്കം
ഇടത് കൈയില്‍ പിടിച്ച് വലത് കൈയ്യിലുണ്ടായിരുന്ന ലൈറ്റര്‍ കൊണ്ട് പടക്കത്തി തീ കൊളുത്തിയപ്പോള്‍ കയ്യില്‍ നിന്നും പൊട്ടിയാണ് അപകടമെന്നാണ് പോലീസ് പറയുന്നത്.
ഷാഫി അപ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും കടയില്‍ നിന്നും ചായ എടുക്കുകയുമായിരുന്നത്രെ. ഉവൈസിന്റെ നിലവിളി കേട്ടാണ് ഷാഫി ഓടി എത്തിയപ്പോള്‍ ഉവൈസ് നിലത്ത് വീണ് കിടക്കുന്ന നിലയിലായിരുന്നു.
ഇത് സംബന്ധിച്ച് കതിരൂര്‍ പോലീസ് മനുഷ്യ ജീവന് അപകടം സംഭവിക്കുന്ന തരത്തില്‍ അശ്രദ്ധയോടെ സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്തതിന് കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.
തലശ്ശേരി എ.സി.പി.വിഷ്ണുപ്രദീപ് സംഭവസ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.