തലയില്‍ അലൂമിനിയം കുടം കുടുങ്ങിയ തെരുവ്‌നായക്ക് രക്ഷകരായി അഗ്നിരക്ഷാസേന.

പെരിങ്ങോം: തലയില്‍ കുടുങ്ങിയ അലൂമിനിയം കുടവും പേറി ഒരാഴ്ച്ചയോളമായി ഭക്ഷണം കഴിക്കാനാവാതെ വലഞ്ഞ തെരുവ് നായക്ക് പെരിങ്ങോം അഗ്നിശമനസേന രക്ഷകരായി.

ആലപ്പടമ്പ് പായ്യത്താണ് സംഭവം. ഒരു തെരുവ്‌നായയാണ് കുടം തലയില്‍പേറി അവശനായി അലഞ്ഞുതിരിഞ്ഞത്.

നാട്ടുകാര്‍ വിവരമറിയിച്ചതുപ്രകാരം പെരിങ്ങോം അഗ്നിരക്ഷാനിലയത്തിലെ അസി.സ്‌റ്റേഷന്‍ ഓഫീസര്‍(ഗ്രേഡ്)സി.ശശിധരന്റെ നേതൃത്വത്തിലെത്തിയ സംഘം ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സ്ഥലത്തെത്തി തെരുവ്

നായയെ നെറ്റ് ഉപയോഗിച്ച് പിടിച്ച് സ്റ്റീല്‍ കട്ടര്‍ കൊണ്ട് കഴുത്തില്‍ കുടുങ്ങിയ കുടം അറുത്ത് മാറ്റി നായയെ രക്ഷിച്ചത്.

ദിവസങ്ങളോളം ഭക്ഷണം കഴിക്കാകതെ അവശനിലയിലായ നായക്ക് അഗ്നിരക്ഷാസേന ഭക്ഷണവും നല്‍കി.

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ എം.ജയേഷ്‌കുമാര്‍, കെ.എം.രാജേഷ്, പി.വി.ഷൈജു, ജോര്‍ജ് ജോസഫ്, പി.വി.സദാനന്ദന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.