അഞ്ച് വര്‍ഷം മുമ്പ് അനുമതി ലഭിച്ച പരിയാരം ഫയര്‍‌സ്റ്റേഷന്‍ എവിടെയുമെത്താതെ വിസ്മൃതിയിലേക്ക്

പരിയാരം: അഞ്ച് വര്‍ഷം മുമ്പ് അനുമതി ലഭിച്ച പരിയാരം ഫയര്‍‌സ്റ്റേഷന്‍ എവിടെയുമെത്താതെ വിസ്മൃതിയിലേക്ക്.

2020-ല്‍ ടി.വി.രാജേഷ് എം.എല്‍.എ ആയിരിക്കവെയാണ് കല്യാശേരി മണ്ഡലത്തില്‍ ഫയര്‍‌സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

ഇത് പഴയങ്ങാടിയില്‍ വേണമെന്നും പരിയാരത്ത് വേണമെന്നും രണ്ട് ചേരിയില്‍ തര്‍ക്കം നടന്നുവെങ്കിലും ഒടുവില്‍ സ്ഥലത്തിന്റെ ലഭ്യത കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലായതിനാല്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് തന്നെ ഫയര്‍‌സ്റ്റേഷന്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുകയും കടന്നപ്പള്ളി റോഡില്‍ പഴയ പോലീസ് സ്റ്റേഷന് സമീപം സ്ഥലം നിര്‍ണയിക്കുകയും ചെയ്തു.

ഇവിടെ അരയേക്കര്‍ ഭൂമി റവന്യു-ഫയര്‍ഫോഴ്‌സ് അധികൃതര്‍ പരിശോധിച്ച് തൃപ്തി രേഖപ്പെടുത്തി. 2021 ലെ ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാവുകയും ചെയ്തു.

എന്നാല്‍ 2021 ല്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നതോടെ ഇവിടെ ഫയര്‍‌സ്റ്റേഷന്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് നടപടികളൊന്നും ഉണ്ടായില്ല.

കല്യാശേരി നിയോജക മണ്ഡലത്തില്‍ ഒരു അത്യാഹിതം സംഭവിച്ചാല്‍ പയ്യന്നൂരില്‍ നിന്നോ തളിപ്പറമ്പ്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നോ അഗ്‌നിശമന സേന എത്തിയാല്‍ മാത്രമേ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയൂ എന്നതാണ് അവസ്ഥ.

കഴിഞ്ഞ ദിവസം ചെറുകുന്ന് പള്ളിച്ചാലില്‍ അപകടം നടന്നപ്പോള്‍ രക്ഷാ പ്രവര്‍ത്തനം വൈകിയത് അഗ്‌നിശമനസേന എത്തിച്ചേരാന്‍ വൈകിയത് കൊണ്ടാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

എരമം – കുറ്റൂര്‍, കടന്നപ്പള്ളി-പാണപ്പുഴ, മാടായി, ചെറുകുന്ന്, കണ്ണപുരം, ചെറുതാഴം, മാട്ടൂല്‍ പഞ്ചായത്തുകളില്‍ ഉള്ളവര്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണ് നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളേജ് ഫയര്‍‌സ്റ്റേഷന്‍.

അടിയന്തിരമായി ഫയര്‍‌സ്റ്റേഷന്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തിപ്പെട്ടു വരികയാണ്.