പരിയാരം പളുങ്ക് ബസാര്‍ കവര്‍ച്ച: ഏഴ് മാസമായിട്ടും പ്രതികളെ പിടികൂടാനാകാതെ പോലീസ്
പരിയാരം: ചിതപ്പിലെ പൊയില്‍ പളുങ്കു ബസാറിലെ കവര്‍ച്ച നടന്നിട്ട് ഏഴുമാസം. പോലീസ് ഇരുട്ടില്‍ തപ്പുന്നു .കഴിഞ്ഞവര്‍ഷം സപ്തംബര്‍ 29 ന് രാത്രി നബിദിനാഘോഷത്തിനായി വീട്ടുകാര്‍ പള്ളിയില്‍ പോയപ്പോഴാണ് പ്രവാസിയായ മാടാളന്‍ അബ്ദുള്ളയുടെ വീട്ടില്‍ കവര്‍ച്ച നടന്നത് വീടിന്റെ പിറക് വശത്തെ ജനലിന്റെ കമ്പികള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചാണ് മോഷണം നടത്തിയത്.25 പവന്‍ സ്വര്‍ണ്ണവും, 18000 രൂപയുമാണ് കവര്‍ച്ച നടത്തിയത്. അന്നേ ദിനം തന്നെ ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തിയിരുന്നു തുടര്‍ന്ന് അന്വേഷണം തുടങ്ങിയെങ്കിലും ഇപ്പോഴും പ്രതികള്‍ കാണാമറയത്താണ്.
അതിനിടെ ബസാറിന്റെ സമീപ പ്രദേശമായ ചിതപ്പിലെ പൊയിലിലെ പെട്രോള്‍ പമ്പിന് സമീപം ഒക്ടോബര്‍ 20 ന് വയോധികയെ കെട്ടിയിട്ട് കവര്‍ച്ച നടന്നിരുന്നു .ഇതിനായി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രതേക അന്വേഷണ സംഘം രുപീകരിച്ചിരുന്നു. ഈ കേസിലെ പ്രതികളെയും അന്വേഷണ സംഘം പിടികൂടി അറസ്റ്റ് ചെയ്യുകയും. മോഷണമുതല്‍ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ഇവരല്ല പളുങ്ക് ബസാര്‍ കവര്‍ച്ച് പിന്നിലെന്ന് പോലീസിന് ബോധ്യമാകുകയായിരുന്നു. തുടര്‍ന്നും പളുങ്കു ബസാര്‍ കവര്‍ച്ച കേസില്‍ ഒരു പുരോഗതിയും ഉണ്ടായില്ല. ഇത്തരത്തില്‍ പരിയാരം സ്റ്റേഷന്‍ പരിധിയില്‍ നിരവധി കവര്‍ച്ച കേസുകളാണ് തെളിയാനുള്ളത്. ഉന്നതങ്ങളില്‍ പിടിപാടുള്ളവരുടേയും, ധനികരുടേയും ഭവനങ്ങളില്‍ നടന്ന കവര്‍ച്ചകളില്‍ പ്രതേക അന്വേഷണ സംഘത്തെ രൂപവല്‍കരിച്ച് അന്വേഷണം നടത്തി പ്രതികളെ പിടിക്കുമ്പോള്‍ പളുങ്കു ബസാറിലെ പോലെയുള്ള കവര്‍ച്ചകളിലെ അന്വേഷണത്തിന് പോലീസ് പ്രാധാന്യ നല്‍കുന്നില്ല എന്നും അതു കൊണ്ടാണ് കവര്‍ച്ചക്കാരെ പിടിക്കാന്‍ സാധിക്കാത്തതെന്നും വിമര്‍ശനമുണ്ട്.