കേരള മുഖ്യമന്ത്രിയായി കെ.സി.വേണുഗോപാല്‍ തന്നെ വന്നേക്കും

ന്യൂഡെല്‍ഹി: കേരള മുഖ്യമന്ത്രിയായി കെ.സി.വേണുഗോപാല്‍ തന്നെ വന്നേക്കും. ഇത് സംബന്ധിച്ച അന്തര്‍ധാരകള്‍ ഏതാണ്ട് പൂര്‍ത്തീകരിച്ചു എന്നാണ് വിവരങ്ങള്‍.

നിലവിലുള്ള 63 എം.എല്‍.എമായില്‍ അന്‍പതിലേറെ പേരും കെ.സി.യുടെ നോമിനികളാണ്.

ഇന്ന് എ.ഐ.സി.സി നിരീക്ഷകരായ മുകുള്‍വാസ്‌നിക്ക്, അജയ് മാക്കന്‍ എന്നിവര്‍ തലസ്ഥാനത്തെത്തി നടത്തുന്ന ചര്‍ച്ചകളില്‍ മുഖ്യമന്ത്രിയെക്കുറിച്ച് ഏതാണ്ട് ധാരണയാവും എന്നാണ് വിവരം.

ഇന്നത്തെ സാഹചര്യത്തില്‍ കേന്ദ്രത്തില്‍ ഇനി അടുത്തകാലത്തൊന്നും കോണ്‍ഗ്രസ് ഭരണം ഉണ്ടാവില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ കേരളത്തിലേക്ക് തന്റെ പ്രവര്‍ത്തനം മാറ്റാനായി ഏതാനും വര്‍ഷങ്ങളായി കെ.സി.ശ്രമം നടത്തിവരികയായിരുന്നു.

കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തന്നെ തന്ത്രപൂര്‍വ്വം സ്വന്തം അനുയായികളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ അദ്ദേഹം ശ്രമിച്ചതും അതില്‍ വിജയം നേടിയതും ഈ ലക്ഷ്യം വെച്ച് തന്നെയാണ്.

രഹസ്യമായി കെ.സി.വേണുഗോപാല്‍ ഇതിനായി ചരടുവലികള്‍ ആരംഭിച്ചിട്ട് തന്നെ മാസങ്ങളായി.

കേന്ദ്രത്തില്‍ എ.ഐ.സി.സി സംഘടന ചുമതലയുള്ള ജന.സെക്രട്ടെറിയായി ഉത്തരേന്ത്യക്കാരനായി ചിലരെ മനസില്‍ കാണുന്നുണ്ടെങ്കിലും തന്റെ മനസാക്ഷി സൂക്ഷിപ്പുകാരില്‍ ഒരാളായ കെ.സിയെ വെറുതെയങ്ങ് ഇറക്കിവിടാന്‍ രാഹുല്‍ഗാന്ധി തയ്യാറല്ല.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹം രാഹുലിന്റെയും പിന്തുണയും ഉറപ്പുവരുത്തിയിട്ടുണ്ട്.

രമേഷ് ചെന്നിത്തലയുടെയും വി.ഡി.സതീശന്റെയും മുഖ്യമന്ത്രി പദമോഹം മോഹം മാത്രമായി അവശേഷിക്കുമെന്നും വേണുഗോപാല്‍ തന്നെ ആ സ്ഥാനത്തേക്ക് വരുമെന്നും ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.

എന്നാല്‍ നിലവിലുള്ള ഒരു എം.എല്‍.എയെ രാജിവെപ്പിച്ച് നിയമസഭയിലേക്ക് മല്‍സരിച്ച് ജയിക്കേണ്ടതും ആലപ്പുഴയില്‍ ലോകസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഒരു പ്രധാന കടമ്പയാണ്.

കെ.സി.മല്‍സരിക്കുമെന്ന് കരുതുന്ന ഇരിക്കൂറില്‍ പയ്യന്നൂര്‍ ആവര്‍ത്തിക്കുമെന്ന ഭീഷണിയും സമൂഹമാധ്യമങ്ങളില്‍ മിന്നിമറയുന്നുണ്ട്.