നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രാഥമിക കണക്കനുസരിച്ച് എന്‍ഡിഎയുടെ വോട്ടു ശതമാനത്തില്‍ വര്‍ധന
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രാഥമിക കണക്കനുസരിച്ച് എന്‍ഡിഎയുടെ വോട്ടു ശതമാനത്തില്‍ വര്‍ധന. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടു ശതമാനത്തില്‍ എന്‍ഡിഎയ്ക്ക് രണ്ടു ശതമാനത്തോളമാണ് വര്‍ധനയുണ്ടായത്. 12.41 ശതമാനത്തില്‍ നിന്ന് 14.2 ശതമാനമായാണ് വോട്ടുവിഹിതം വര്‍ധിച്ചത്. എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കിട്ടിയ 19.26 ശതമാനത്തെ അപേക്ഷിച്ച് നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് 5.13 ശതമാനത്തിന്റെ കുറവ് ഉണ്ടായി. തദ്ദേശ തെരഞ്ഞെടുപ്പില്‍ 14.71 ശതമാനമായിരുന്നു എന്‍ഡിഎയുടെ വോട്ടു വിഹിതം.
അതേസമയം സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ 23 മുതല്‍ 40.75 ശതമാനം വരെയാണ് ബിജെപിയുടെ വോട്ടു ശതമാനമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വിജയിച്ച നേമത്താണ് ഏറ്റവും കൂടുതല്‍ വോട്ട് ശതമാനം. 40.75 ശതമാനമാണ് ബിജെപിയുടെ വോട്ടു വിഹിതം. തെരഞ്ഞെടുപ്പില്‍ ബിജെപി മൂന്നിടത്താണ് വിജയിച്ചത്. ബിജെപി വിജയിച്ച മറ്റൊരു മണ്ഡലമായ ചാത്തന്നൂരില്‍ 38.04 ശതമാനമാണ് ബിജെപിയുടെ വോട്ടു ശതമാനം. ബിജെപിയുടെ ബി ബി ഗോപകുമാര്‍ 4012 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്. മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മത്സരിച്ച മഞ്ചേശ്വരമാണ് തൊട്ടുപിന്നില്‍. 36.05 ശതമാനമാണ് ഇവിടത്തെ ബിജെപിയുടെ വോട്ടു വിഹിതം. ഇവിടെ യുഡിഎഫിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് എന്‍ഡിഎ. മഞ്ചേശ്വരത്തിന് പുറമേ കാസര്‍കോട്, പാലക്കാട്, തിരുവല്ല, ആറ്റിങ്ങല്‍, മലമ്പുഴ മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാമത് എത്തിയത്.
എന്‍ഡിഎ വിജയിച്ച് കയറിയ മൂന്നാമത്തെ മണ്ഡലമായ കഴക്കൂട്ടത്ത് 35.06 ശതമാനമാണ് ബിജെപിയുടെ വോട്ടു ശതമാനം. മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനാണ് ഇവിടെ താമര വിരിയിച്ചത്. ശോഭാ സുരേന്ദ്രന് മത്സരിച്ച പാലക്കാടും 30 ശതമാനത്തിന് മുകളിലാണ് വോട്ടുശതമാനം. 33.33 ശതമാനമാണ് ഇവിടത്തെ ബിജെപിയുടെ വോട്ടു വിഹിതം.