തളിപ്പറമ്പ് അഗ്നിശമനനിലയം പരിയാരം പഞ്ചായത്തിലേക്ക്- തളിപ്പറമ്പിന് വലിയ നഷ്ടം-
കരിമ്പം.കെ.പി.രാജീവന്‍
തളിപ്പറമ്പ്: തളിപ്പറമ്പ് അഗ്നിശമനനിലയം കാഞ്ഞിരങ്ങാട്ടേക്ക് മാറുന്നു.
ആലക്കോട് റോഡില്‍ തളിപ്പറമ്പ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപം റവന്യൂ പുറമ്പോക്ക് ഭൂമിയാണ് അഗ്നിശമനനിലയത്തിന് അനുവദിച്ചത്.
40 സെന്റ് സ്ഥലമാണ് കഴിഞ്ഞദിവസം അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായിട്ടുള്ളത്.
അഗ്നിശമനസേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധനകളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
2000 ആഗസ്ത് മാസത്തിലാണ് തളിപ്പറമ്പ് കരിമ്പത്ത് അഗ്നിശമനനിലയം പ്രവര്‍ത്തനമാരംഭിച്ചത്.
തളിപ്പറമ്പ് ജുമാഅത്ത്പള്ളി ട്രസ്റ്റ് കമ്മറ്റി നിര്‍മ്മിച്ചുനല്‍കിയ കെട്ടിടത്തില്‍ പ്രതിമാസം 12,000 രൂപ വാടകയ്ക്കാണ് കഴിഞ്ഞ 22 വര്‍ഷങ്ങളായി അഗ്നിശമനനിലയം പ്രവര്‍ത്തിച്ചുവരുന്നത്.
തളിപ്പറമ്പ് നഗരസഭയില്‍ അനുവദിച്ച അഗ്നിശമനനിലയം തളിപ്പറമ്പ് പരിധിയില്‍ തന്നെ നിലനിര്‍ത്താനായി കഴിഞ്ഞ 15 വര്‍ഷമായി സ്ഥലം അന്വേഷിച്ചുവരികയായിരുന്നു.
കൂവോട് ജലസേചന വകുപ്പിന്റെ സ്ഥലവും കരിമ്പം ജില്ലാ കൃഷിഫാമിന്റെ സ്ഥലവും ഇതിനായി പരിഗണിച്ചിരുന്നുവെങ്കിലും വകുപ്പുകള്‍ തമ്മിലുള്ള വടംവലി കാരണം സ്ഥലം അനുവദിച്ചുകിട്ടിയില്ല.
കാഞ്ഞിരങ്ങാട് നേരത്തെതന്നെ സ്ഥലം പരിശോധിച്ചിരുന്നുവെങ്കിലും എം.എല്‍എയായിരുന്ന ജയിംസ്മാത്യു ഫയര്‍സ്റ്റേഷന്‍ തളിപ്പറമ്പ് നഗരസഭാ പരിധിയില്‍ തന്നെ നിലനിര്‍ത്താന്‍ ആകാവുന്ന ശ്രമമെല്ലാം
നടത്തിയെങ്കിലും സ്ഥലം വിട്ടുകിട്ടാത്തതിനെ തുടര്‍ന്ന് പരിയാരം പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് തന്നെ അംഗീകരിക്കുകയായിരുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ പരിശോധന അടുത്തദിവസം നടന്നതിന് ശേഷമായിരിക്കും തറക്കല്ലിടലും മറ്റ് കാര്യങ്ങളും നടക്കുക. ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സുകള്‍ ഉള്‍പ്പെടെ ഇവിടെ നിര്‍മ്മിക്കാനുള്ള ആലോചനയുണ്ട്.
എട്ടുകോടി രൂപയെങ്കിലും ഫയര്‍സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി ചെലവഴിക്കേണ്ടിവരുെമന്നാണ് പ്രാഥമിക വിലയിരുത്തല്‍.
അഗ്നിശമനനിലയം കാഞ്ഞിരങ്ങാട്ടേക്ക് പോകുന്നത് തളിപ്പറമ്പ് നഗരത്തിന് ശരിക്കും നഷ്ടമാണ്.
തീപിടുത്തങ്ങളോ മറ്റ് സംഭവങ്ങളോ നടന്നാല്‍ അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മാത്രമേ കാഞ്ഞിരങ്ങാട് നിന്നും തളിപ്പറമ്പിലെത്താനാവും.
നിരവധി വ്യവസായശാലകളുള്ള ധര്‍മ്മശാലയിലേക്കാണെങ്കില്‍ പതിനൊന്ന് കിലോമീറ്റര്‍ സഞ്ചരിക്കണം.
മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്ററുടെയും ആന്തൂര്‍ നഗരസഭയുടെയും തെരഞ്ഞെടുപ്പ് പ്രകടനപത്രികകളില്‍ ധര്‍മ്മശാലയില്‍ പുതിയ അഗ്നിശമനനിലയവും പോലീസ് സ്‌റ്റേഷനും സ്ഥാപിക്കുമെന്ന് പറഞ്ഞത് യാഥാര്‍ത്ഥ്യമായാല്‍ മാത്രമേ ഇതിന് പരിഹാരം കാണാനാവൂ.
നിലവില്‍ വഖഫ്‌ബോര്‍ഡില്‍ പരാതികളുള്ള സ്ഥലത്താണ് ജുമാഅത്ത്കമ്മറ്റി അഗ്നിശമനനിലയം പണിതുനല്‍കിയത്.
തളിപ്പറമ്പില്‍ അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ കണ്ണൂരില്‍ നിന്നോപയ്യന്നൂരില്‍ നിന്നോ അഗ്നിശമനസേനയെത്തുമ്പോഴേക്കും
എല്ലാം നശിക്കുന്ന ഭീതിതമായ ഒരു സാഹചര്യം നിലനിന്ന കാലത്താണ് ജുമാഅത്ത് കമ്മറ്റി അഗ്നിശമനനിലയം തളിപ്പറമ്പില്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത്.
എന്നാല്‍ പിന്നീട് കെട്ടിടം ഒഴിയണമെന്ന നിലപാട് സ്വീകരിച്ചതോടെയാണ് പുതിയ സ്ഥലം അന്വേഷിച്ചുതുടങ്ങിത്.
നിലയം തളിപ്പറമ്പ് നഗരസഭയില്‍ നിലനിര്‍ത്താന്‍ സാധിക്കാതെപോയത് വലിയ നഷ്ടം തന്നെയാണെന്ന് നാട്ടുകാര്‍ പറയുന്നു.
