വ്യാജവാര്‍ത്ത: മാനനഷ്ടക്കേസില്‍ മക്തബ് ദിനപത്രം 2 ലക്ഷം നല്‍കാന്‍ കോടതി വിധി.

തളിപ്പറമ്പ്: ദമ്പതികള്‍ക്കെതിരെ അപകീര്‍ത്തികരമായ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് തളിപ്പറമ്പിലെ മക്തബ് സായാഹ്ന പത്രത്തിനെതിരായ കേസില്‍ പരാതിക്കാരന് രണ്ട് ലക്ഷം രൂപ മാനനഷ്ടം നല്‍കാന്‍ കോടതി വിധി.

തളിപ്പറമ്പ മുന്‍സിഫ് കോടതിയാണ് കേസില്‍ വിധി പ്രസ്താവിച്ചത്. രണ്ട് ലക്ഷം രൂപക്ക് ആറ് ശതമാനം പലിശയും നല്‍കണം.

തളിപ്പറമ്പ് പ്ലാത്തോട്ടം സ്വദേശിയും കോണ്‍ട്രാക്ടറുമായ കുയിലന്‍ ഉണ്ണികൃഷ്ണനും ഭാര്യയുമാണ് പരാതി നല്‍കിയത്.

2017-ല്‍ കണ്ണൂര്‍ ജില്ല ബാങ്ക് (ഇപ്പോള്‍ കേരള ബാങ്ക്) തളിപ്പറമ്പ മെയിന്‍ ശാഖയില്‍ നടന്ന മുക്കുപണ്ടം തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ദമ്പതികള്‍ക്കെതിരെ വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചത്.

ഉണ്ണികൃഷ്ണന്‍ 113 ഉം ഭാര്യ 54 ഉം ഗ്രാമിന്റ വ്യാജസ്വര്‍ണ്ണം പണയം വെച്ച് ബാങ്കില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തു എന്നായിരുന്നു മക്തബില്‍ വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചത്.

അതോടൊപ്പം ഉണ്ണികൃഷ്ണനും തട്ടിപ്പുകേസില്‍ പ്രതിയായ ബാങ്കിലെ മാനേജരും തമ്മില്‍ ബ്ലേഡ് പലിശ ഇടപാടുണ്ടെന്നും വ്യാജവാര്‍ത്തയില്‍ ഉണ്ടായിരുന്നു.

യാതൊരു തെളിവുമില്ലാതെയാണ് പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

ഇതേ തുടര്‍ന്ന് ഉണ്ണികൃഷ്ണന്‍ മുന്‍സിഫ് കോടതിയില്‍ സിവില്‍ കേസും മജിസ്‌ട്രേട്ട് കോടതിയില്‍ ക്രിമിനല്‍ കേസും ഫയല്‍ ചെയ്യുകയായിരുന്നു.

ക്രിമിനല്‍ കേസില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്.

എഡിറ്റര്‍ കെ.സുനില്‍കുമാര്‍, പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ സിപിഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറിയും ആന്തൂര്‍ നഗരസഭ കൗണ്‍സിലറുമായ പി.കെ.മുജീബ്‌റഹ്‌മാന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

സമാനമായ രീതിയില്‍ തൃച്ചംബരം സ്വദേശിയായ അനിലിനും മാതാവിനുമെതിരെ മക്തബ് നല്‍കിയ വ്യാജവാര്‍ത്തക്കെതിരെ അനില്‍ നല്‍കിയ പരാതിയില്‍ തളിപ്പറമ്പ് മജിസ്‌ട്രേട്ട് കോടതിയില്‍ കേസ് നടന്നുവരികയാണ്.

ഹരജിക്കാരനുവേണ്ടി അഡ്വ.കെ.ജി.സുനില്‍ ഹാജരായി.