സര്‍സയ്യിദ് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റു.
തളിപ്പറമ്പ്: സര്‍സയ്യിദ് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായി പരാതി. നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
റസിന്‍, അബ്ദുള്ള, മൊയ്തു, ഷമ്മാസ് എന്നിവര്‍ക്കെതിരെയാണ് കേസ്.
ഇക്കഴിഞ്ഞ 7 ന് വൈകുന്നേരം 5 നായിരുന്നു സംഭവം.
പ്ലസ്ടു വിദ്യാര്‍ത്ഥികളായ അള്ളാംകുളത്തെ മുഹമ്മദ് സജ്ജാദ്, ചൊറുക്കളയിലെ ജാസിം, മന്നയിലെ സെബിന്‍ അഷറഫ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
കഴിഞ്ഞ 5 ന് സ്‌ക്കൂളിലെ കുട്ടികള്‍ തമ്മില്‍ അടിപിടികൂടിയപ്പോള്‍ സ്‌ക്കൂളിന്റെ പരിസരവാസിയായ അലി എന്നയാള്‍ ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയും പ്രശ്‌നക്കാരായ ഇരു വിഭാഗത്തിലെയും രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് അടി കൊടുക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് അലിക്കെതിരെ തിരിയുകയും അലിയും വിദ്യാര്‍ത്ഥികളുമായി ഉന്തും തള്ളും നടക്കുകയും ചെയ്തു.
പിന്നീട് നാട്ടുകാര്‍ ഇടപെട്ട് അലിയും വിദ്യാര്‍ത്ഥികളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മധ്യസ്ഥരുടെ സാന്നിധ്യത്തില്‍ പറഞ്ഞു തീര്‍ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ 7 ന് സ്‌ക്കൂളിലെത്തിയ വിദ്യാര്‍ത്ഥികളെ അലിയുടെ മകനും കൂട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചുെവന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.