പാചകവാതകം ചോര്‍ന്ന് ഹോട്ടലില്‍ തീപിടുത്തം

ചെറുവത്തൂര്‍: പാചകവാതകം ചോര്‍ന്ന് ഹോട്ടലില്‍ തീപിടുത്തം.

ചെറുവത്തൂര്‍ ടൗണിലെ ഗണേശന്‍ മടിവയലിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍ ഹോട്ടലിലാണ് ഇന്ന് പുലര്‍ച്ചെ നാലേമുക്കാലോടെ തീപിടിച്ചത്.

രാവിലെ പാചകം ആരംഭിക്കാനായി അടുപ്പ് കത്തിച്ചപ്പോള്‍ പെട്ടെന്ന് തീ പടര്‍ന്നുപിടിക്കുകയായിരുന്നു.

ആളിപ്പടര്‍ന്ന തീയില്‍ സമീപത്തുണ്ടായിരുന്ന അലമാര കത്തിനശിച്ചു.

ഗ്യാസ് നിറച്ച രണ്ട് സിലിണ്ടറുകളും അഞ്ച് കാലി സിലിണ്ടറുകളും തൊട്ടടുത്ത മുറിയില്‍ ഉണ്ടായിരുന്നു.

വിവരമറിഞ്ഞ് മിനുട്ടുകള്‍ക്കുള്ളില്‍ തൃക്കരിപ്പൂര്‍ അഗ്നിശമനനിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ഗണേശന്‍ കിണറ്റിന്‍കരയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.

പാചകവാതക സിലിണ്ടറുകള്‍ സേന പെട്ടെന്ന് നീക്കം ചെയ്തതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.