വിവാദ മോഷ്ടാവ് ഗോകുല്‍ ആന്ധ്രാപോലീസിന്റെ പിടിയില്‍

തളിപ്പറമ്പ്: പുളിമ്പറമ്പിലെ വിവാദ മോഷ്ടാവ് പുളിമ്പറമ്പ് ലക്ഷം വീട് കോളനിയിലെ ഗോകുലിനെ(29) ആന്ധ്രാപ്രദേശ് പോലീസ് പിടികൂടി.

ഇന്ന് രാവിലെ ആറരയോടെയാണ് ആന്ധ്രയില്‍ നിന്നെത്തിയ പോലീസ് സംഘം പുളിമ്പറമ്പിലെ വീട്ടില്‍ നിന്നും ഗോകുലിനെ പിടികൂടിയത്.

തളിപ്പറമ്പ് താലൂക്ക് ഒശുപത്രിയില്‍ മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ഗോകുലിനെ ഇന്നുതന്നെ ആന്ധ്രലേക്ക് കൊണ്ടുപോകും.

ലഹരിമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ടകേസിലാണ് അറസ്റ്റ്.

നേരത്തെ 2021 ഏപ്രില്‍ രണ്ടിന് നിര്‍ത്തിയിട്ട കാറില്‍ നിന്നും പേഴ്‌സ് മോഷ്ടിച്ച് അതിലെ എ.ടി.എം കാര്‍ഡുപയോഗിച്ച് 70,000 രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ ഇയാളെ തളിപ്പറമ്പ് പോലീസ് അറസറ്റ് ചെയ്തിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ടാണ് ഗോകുലിന്റെ സഹോദരിയെ ഭീഷണിപ്പെടുത്തി എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് പണം കവര്‍ന്ന സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെ ശ്രീകാന്ത്  എന്ന പോലീസുകാരനെ ഈയിടെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്.

താഴെ ബക്കളത്തെ സ്‌നേഹഇന്‍ബാറിന് മുന്‍വശം നിര്‍ത്തിയിട്ട ചൊക്ലി ഒളവിലത്തെ മനോജ്കുമാറിന്റെ കെ എല്‍ 58 എ എ 5720 കാറില്‍ സൂക്ഷിച്ച പേഴ്‌സാണ് അന്ന് മോഷ്ടിച്ചത്.

എ ടി എം കാര്‍ഡ് ഉപയോഗിച്ച് 2 തവണകളിലായി 5000 വീതവും ഒരു തവണ 60,000 രൂപയുമാണ് കവര്‍ന്നത്.

മനോജ്കുമാര്‍ തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ താഴെ ബക്കളത്ത് വെച്ച് കാര്‍ ഓഫായതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടപ്പോള്‍ സഹായിക്കാനെത്തിയാണ് മോഷണം നടത്തിയത്.