ജി.രാമനാഥന്റെ സാക്‌സഫോണ്‍ കച്ചേരി പെരുഞ്ചെല്ലൂരിന് മറക്കാനാവാത്ത അനുഭവമായി.
തളിപ്പറമ്പ്: പെരുഞ്ചെല്ലൂര്‍ സംഗീതസഭയുടെ 70-ാം കച്ചേരിയില്‍ ജി.രാമനാഥന്റെ സാക്‌സഫോണ്‍ കച്ചേരി സദസിന് മറക്കാനാവാത്ത അപൂര്‍വ്വ അനുഭവമായി മാറി.
മുതിര്‍ന്ന സംഗീതജ്ഞന്‍ ടി.വി.ഗോപാലകൃഷ്ണന്റെ മകനും ശിഷ്യനുമായ ചെന്നൈയിലെ പ്രഗത്ഭനായ സാക്‌സോഫോണിസ്റ്റ് ജി.രാമനാഥന്‍ ഇന്ന് രാവിലെയാണ് നീലകണ്ഠ അബോഡില്‍ വെച്ച് പെരിഞ്ചല്ലൂര്‍ സഭയുടെ എഴുപതാമത്തെ കച്ചേരിയില്‍ സാക്‌സഫോണ്‍ വായിച്ചത്.
പട്ടണം സുബ്രമണ്യ അയ്യര്‍ അഭോഗി രാഗത്തില്‍ രചിച്ച എവരി ബോധന എന്ന കീര്‍ത്തനത്തോടെയാണ് കച്ചേരി ആരംഭിച്ചത്.
സാക്സോഫോണ്‍ വിദ്വാന്‍ കദ്രി ഗോപാല്‍നാഥിന്റെ മുതിര്‍ന്ന ശിഷ്യന്‍ കൂടിയായ ജി. രാമനാഥന്‍ വയലിന്‍, മൃദംഗം, ഗഞ്ചിറ എന്നിവയിലും പരിശീലനം നേടിയിട്ടുണ്ട്.
ഇളയരാജയുടെ ട്രൂപ്പിന്റെ ഭാഗമാണ്. തമിഴ് ചിത്രത്തിനും സംഗീതം നല്‍കിയിട്ടുണ്ട്.
മൂന്ന് മണിക്കൂര്‍ നീണ്ട കച്ചേരിയില്‍ വയലിനില്‍ മാഞ്ഞൂര്‍ രഞ്ജിത്തിന്റെയും മൃദംഗത്തില്‍ ഡോ.വി.ആര്‍.നാരായണ പ്രകാശിന്റെയും അകമ്പടിയോടെ അദ്ദേഹം അതിസങ്കീര്‍ണമായ കീര്‍ത്തനങ്ങള്‍ വെസ്റ്റേണ്‍ ഉപകരണമായ സാക്‌സോഫോണില്‍ അതി മനോഹരമായി അവതരിപ്പിച്ചത് ശ്രോതാക്കള്‍ക്ക് ഒരു പുതിയ അനുഭമായി.
ജനപ്രിയ രാഗമായ ഹംസധ്വനിയില്‍ മുത്തുസ്വാമി ദീക്ഷിതരുടെ വാതാപി ഗണപതിം, ത്യാഗരാജ സ്വാമി ചിട്ടപ്പെടുത്തിയ ശ്രീരാഗത്തിലെ എന്തരോ മഹാനു ഭാവുലു, ആഭേരി രാഗത്തില്‍ നഗുമോമു ഗനലെനി, ബ്രിന്ദാവന സാരംഗ രാഗത്തിലെ കമലാപ്തകുല കലശാബ്ദി ചന്ദ്ര, സുപ്രദീപം രാഗത്തിലെ വരശിഖി വാഹന വാരിജ ലോചന, പൂര്‍വികല്യാണ രാഗത്തിലെ ജ്ഞാനമുസഗരാധ,
ഗോപാലകൃഷ്ണ ഭാരതിയാരുടെ സഭാപതിക്ക് വേറേ ദൈവം സമാനമാകുമാ, നിരോഷ്ട രാഗത്തിലെ മുത്തൈയ്യ ഭാഗവതരുടെ രാജ രാജ രാധിതെ, പുരന്തരദാസരുടെ ജനസംമോദിനി രാഗത്തിലെ ഗോവിന്ദ നിന്ന, ഇറയിമ്മന്‍ തമ്പിയുടെ യഥുകുല കാംബോജി രാഗത്തിലെ കരുണ ചെയ്‌വാന്‍,
സി.രാജാഗോപാലചാരിയുടെ രാഗമാലിക കുറയ് ഒന്റ്റും ഇല്ലൈ എന്നീ കീര്‍ത്തനങ്ങള്‍ ശ്രോതാക്കളെ ആനന്ദത്തിലാക്കി.
പ്രശസ്തമായ മദ്രാസ് സര്‍വകലാശാലയില്‍ നിന്നാണ് രാമനാഥന്‍ ഇന്ത്യന്‍ സംഗീതത്തില്‍ ബിരുദം നേടിയത്.
ലണ്ടനിലെ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കില്‍ നിന്ന് പാശ്ചാത്യ സംഗീതത്തിലും. സംഗീത മാന്ത്രികന്‍ ഇളയരാജയില്‍ നിന്നാണ് ആദ്യകാല സംഗീത ജീവിതം ആരംഭിച്ചത്.
ചലച്ചിത്ര ലോകത്തെ മറ്റ് ജനപ്രിയ സംഗീത സംവിധായകരോടൊപ്പം 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചു വരുന്നു. രാമനാഥന്‍ ഇന്ത്യയിലുടനീളവും വിദേശത്തും- യുകെ, യൂറോപ്പ്, ഓസ്‌ട്രേലിയയും മിഡില്‍ ഈസ്റ്റു എല്ലായിടത്തും കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
വിജയ് നീലകണ്ഠന്‍ സ്വാഗതം പറഞ്ഞു. കെ.പി.രാജീവന്‍ കലാകാരന്മാരെ ആദരിച്ചു.