മലയാള സിനിമാഗാനങ്ങളുടെ കഥ-പാട്ടൊഴുകിയ വഴിയിലൂടെ നാളെ മുതല്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസില്‍ വായിക്കുക.
മലയാള ശബ്ദചലച്ചിത്രത്തിന് 85 വയസ്സ് കഴിഞ്ഞു. 1938 ജനുവരി 19 ന് പുറത്തിറങ്ങിയ ബാലന്‍ ആയിരുന്നു ആദ്യമലയാള ശബ്ദചിത്രം. അതിനുമുമ്പ് തമിഴിലും തമിഴിനുമുമ്പ് ഹിന്ദിയിലും ശബ്ദചിത്രങ്ങള്‍ ഉണ്ടായി. ആ അനുഭവങ്ങള്‍ കൈമുതലായുണ്ടായിരുന്ന ഇന്നത്തെ പാക്കിസ്ഥാനിലെ കറാച്ചിയില്‍ ജനിച്ച എസ്.നൊട്ടാണിയും(ശേവക്‌റാം തെക്ചന്ദ് നെട്ടാണി) ടി.ആര്‍.സുന്ദരവും ചേര്‍ന്നാണ് ഈ ചിത്രം ഒരുക്കിയത്. ടി.ആര്‍.സുന്ദരമാണ് നിര്‍മ്മാതാവ്. ശബ്ദചിത്രത്തില്‍ സംഭാഷണം ആലേഖനം ചെയ്യുന്നതോടൊപ്പം ഗാനങ്ങളും ആലേഖനം ചെയ്യപ്പെടാനുള്ള സാങ്കേതിക വിദ്യയുടെ പ്രാഥമിക പാഠങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. അങ്ങിനെ ആദ്യശബ്ദചിത്രത്തില്‍ തന്നെ സംഭാഷണവും ഗാനങ്ങളും ആലേഖനം ചെയ്യപ്പെട്ടു. ചലച്ചിത്രഗാനങ്ങള്‍ അങ്ങിനെ ബാലനില്‍ തുടങ്ങി എന്നു പറയാം.
ഒരു ഗായകന്‍ പാടി ആലേഖനം ചെയ്യപ്പെട്ടശേഷം ആ ഗാനം രണ്ടാമത് പാടി കേട്ടുകൊണ്ട്. അതിനനുസരണമായി ചുണ്ടനക്കുന്ന പിന്നണിഗാന സാങ്കേതികരീതി അന്നില്ലാതിരുന്നതുകൊണ്ട് ചലച്ചിത്രങ്ങളിലെ അഭിനേതാക്കളായി നാടകരംഗത്തും മറ്റുമുളള ഗായക നടീനടന്മാരെത്തന്നെയാണ് അഭിനയിപ്പിച്ചത്. അങ്ങിനെയാണ് ബാലനില്‍ കെ.കെ.അരൂരും എം.കെ കമലവും പളളുരുത്തി ലക്ഷ്മിയുമൊക്ക ആദ്യത്തെ ചലച്ചിത്ര നടീനടന്‍മാരും ആദ്യത്തെ ചലച്ചിത്രഗായകരുമായത്.
നാടകങ്ങള്‍ക്ക് കഥയും ഗാനങ്ങളും എഴുതി തഴക്കം വന്ന
മുതുകുളം രാഘവന്‍പിള്ളയാണ് ഗാനങ്ങള്‍ എഴുതിയത്. പുതിയ ഈണം നല്‍കാന്‍ കഴിവുള്ളവര്‍ ഇല്ലാതിരുന്നതുകൊണ്ട് അന്നത്തെ നടപ്പു ഹിന്ദി-തമിഴ് ഈണങ്ങളെ ആധാരമാക്കി ഗാനങ്ങളെഴുതിയ മുതുകുളം മലയാളചലച്ചിത്രരംഗത്തെ ആദ്യഗാനരചയിതാവായി. ഇബ്രാഹിം എന്ന ഹാര്‍മോണിസ്റ്റും ബാലനിലെ പ്രധാന നടനും ഗായകനുമായ കെ.കെ.അരൂരും ചേര്‍ന്ന് തമിഴില്‍ നിന്നും ഹിന്ദിയില്‍ നിന്നും ഈണങ്ങളെടുത്ത് ഗായകരെ പഠിപ്പിച്ചപ്പോള്‍ അവര്‍ മലയാളചലച്ചിത്രത്തിലെ ആദ്യസംഗീതസംവിധായകരായി. കെ.കെ.അരൂര്‍, എം.കെ കമലം, പളളുരുത്തി ലക്ഷ്മി, മാസ്റ്റര്‍ മദനഗോപാല്‍, ശിവാനന്ദന്‍, പാര്‍വ്വതി, മാലതി, എന്നിവര്‍ ആദ്യ മലയാളചലച്ചിത്രത്തിലെ അഭിനയിക്കുകയും പാട്ടുപാടുകയും ചെയ്യുന്ന ഗായക അഭിനേതാക്കളായി.
ഇന്നത്തെപ്പോലെ ശബ്ദനിയന്ത്രണമുളള (Sound Proof) ശബ്ദലേഖനനിലയങ്ങള്‍ അന്നില്ല. അനവധി ചാനലുകളും (Channels) ട്രാക്കുകളും (Tracks) ഉള്ള ശബ്ദാലേഖന യന്ത്രങ്ങളില്ല(Recorders). അവയെ നിയന്ത്രിയ്ക്കാനുള്ള കണ്‍സോളുകള്‍ (Conosls) അഥവാ മിക്സറുകള്‍ (Mixers) ഇല്ല. പല വാദ്യങ്ങള്‍ പലസ്ഥലങ്ങളില്‍ വെച്ച് വായിപ്പിക്കാനുള്ള നിരവധി ശബ്ദാകര്‍ഷണി (Microphones)കളില്ല
ഒരേ ഒരു മൈക്ക് സംഭാഷണം എടുക്കുന്ന അതേസ്ഥലത്തുവച്ചുതന്നെ ഗാനവും ഒരേ ഒരു മൈക്ക് ഉപയോഗിച്ചു തന്നെ.
അതായത്, ആ മൈക്കിന്റ റെക്കാര്‍ഡുചെയ്യാനുളള ശബ്ദാകര്‍ഷണ ദൂരത്തിനകത്ത് ഒതുങ്ങിക്കൊണ്ട്, നാടകത്തിലേതുപോലെ, അഭിനയിക്കുന്നതിനോടൊപ്പം തന്നെ പാടുകയും ചെയ്യുന്നു. പാടുമ്പോള്‍ തന്നെ ദൃശ്യം ഫിലിമിലേയ്ക്കു പകര്‍ത്തുന്ന ക്യാമറയുടെ കണ്ണില്‍പ്പെടാതെ വാദ്യവ്യന്ദങ്ങള്‍ ഇരിക്കുന്നു. പാട്ടിനോടൊപ്പം വായിക്കുന്നു. സെറ്റിനകത്തായാലും പുറത്തായാലും റെക്കാര്‍ഡിംഗ് ഇതേ പോലെതന്നെ. വാതില്‍പ്പുറരംഗങ്ങളില്‍, നടന്നു കൊണ്ടാണ് പാടുന്നതെങ്കില്‍, അപശബ്ദം അധികം ഉണ്ടാക്കാത്ത വാഹനങ്ങളില്‍ വാദ്യവ്യന്ദവും ഒപ്പം പുറകേ പോയി വായിച്ചുകൊണ്ടിരിക്കുമെന്ന വസ്തുത കേള്‍ക്കുമ്പോള്‍ ഇന്നത്തെ ഗായകരും വാദ്യമേളക്കാരും മറ്റു ചലച്ചിത്രപ്രവര്‍ത്തകരും അന്തംവിട്ടുപോകും.
മാത്രവുമല്ല, സംഭാഷണവും ഗാനങ്ങളും ഒക്കെ ആലേഖനം ചെയ്യപ്പെടുന്നത് നേരേ ഫിലിമില്‍ തന്നെയാണ്. അതുകൊണ്ട് കൂടുതല്‍ തവണ ടേക്കുകള്‍ എടുക്കുന്നത് അഭികാമ്യമല്ല. അതിനുവേണ്ടി ധാരാളം തവണ റിഹേഴ്‌സല്‍ ചെയ്തു ഒറ്റപ്രാവശ്യം കൊണ്ടുതന്നെ ഓക്കേയാക്കാന്‍ എല്ലാവരും ശ്രദ്ധിച്ചിരിക്കുന്നു.
മറ്റൊരു പ്രയാസം ആലേഖനം ചെയ്യുന്നത് നേരേ ഫിലിമിലേയ്ക്കായതുകൊണ്ട് ഇന്നത്തെപ്പോലെ ഉടനേ കേള്‍ക്കാന്‍ സാധിക്കില്ല. കല്‍ക്കട്ടയിലുള്ള ‘ലാബൊറട്ടറിയില്‍ -ഡെവലപ്പ് ചെയ്ത് പ്രിന്റ് വന്നതിനുശേഷം മാത്രമേ, കേള്‍ക്കാനും കാണാനും കഴിഞ്ഞിരുന്നുളളു. അങ്ങിനെ കാണുമ്പോള്‍ നന്നായി എന്നു തോന്നിയില്ലെങ്കില്‍ പാട്ടും അഭിനയവും എല്ലാം തന്നെ ഒന്നുകൂടി ആവര്‍ത്തിച്ച് എടുക്കുന്ന പതിവ് വിരളമായിരുന്നില്ല. പിന്നീട് രണ്ടുമൈക്കിന്റെ കാലഘട്ടം വന്നു. ഒന്നില്‍ വാദ്യവ്യന്ദവും മറ്റേതില്‍ ഗായകരും. കൂടാതെ മാഗ്നറ്റിക് ടേപ്പില്‍ റിക്കാര്‍ഡ് ചെയ്യാനുള്ള സാങ്കേതിക വളര്‍ച്ചയുമായി.
ഈ കാലഘട്ടത്തില്‍ 1948 ലാണ് മലയാളത്തിലും പിന്നണിഗാന സാങ്കേതിക വിദ്യ ആരംഭിച്ചത്. നിര്‍മ്മലയാണ് ആദ്യത്തെ സിനിമ. സംഗീത വിദ്വാന്‍ കൊച്ചി സ്വദേശി ടി.കെ.ഗോവിന്ദറാവു ആദ്യപിന്നണിഗായകനായി. ഗായിക തൃപ്പൂണിത്തുറ സ്വദേശി സരോജിനിമേനോനും. ഇവര്‍ രണ്ടുപേരും പിന്നീട് സിനിമയില്‍ പാടിയില്ല. സംഗീതവിദ്വാനായ കൊച്ചി സ്വദേശി റ്റി കെ ഗോവിന്ദറാവുവായിരുന്നു കരുണാകരീതാംബരം ഒഴികെ മറ്റൊന്നും നിര്‍മ്മലയില്‍ വന്നില്ല ബാക്കിയുള്ള സ്ത്രീഗാനങ്ങള്‍ പിന്നില പാടിയിട്ടില്ല. സരോജിനിമേനോന്‍. കരുണാകരപീതാംബരം’ എന്ന ഗാനം ഉള്‍പ്പടെ മൂന്നുഗാനങ്ങള്‍ പാടി. സേലം മോഡേണ്‍ തീയേറ്ററില്‍ വച്ചാണ് റെക്കോര്‍ഡിംഗ് നടന്നത്. ഇതിലെ ഗാനങ്ങള്‍ രചിച്ചത് പില്‍ക്കാലത്ത് മഹാകവിയായ ജി. ശങ്കരക്കുറുപ്പായിരുന്നു. മുതുകുളത്തിന് ശേഷം പുത്തന്‍കാവ് മാത്തന്‍ തരകനിലെത്തിയ ഗാനരചനാ ശാഖ അഭയദേവിലെത്തിയപ്പോള്‍ കൂടുതല്‍ മികവാര്‍ന്നു. ജി ശങ്കരക്കുറുപ്പ്, പാലാ നാരായണന്‍ നായര്‍, ബോധേശ്വരന്‍ തുടങ്ങിയ കവികളും കുഞ്ഞികൃഷ്ണമേനോന്‍, വാണക്കുറ്റി എന്നിവരും ഗാനരചനാ രംഗത്തെത്തി. ചന്ദ്രിക, നവലോകം എന്നീ സിനിമകകളിലൂടെ പി.ഭാസ്‌ക്കരനും ഗാനരചനാ രംഗത്തേക്ക് വന്നു. ഈ സമയത്തും ഹിന്ദിയില്‍ നിന്നും തമിഴില്‍ നിന്നുമുള്ള ഈണങ്ങളിലൂടെ കടന്നുപോയ ഗാനശാഖ വി ദക്ഷിണാമൂര്‍ത്തിയും പി.എസ്.ദിവാകറും മറ്റു ചിലസംഗീത സംവിധായകരും വന്നതോടെ മാറ്റത്തിലേക്ക് ചുവടുവെച്ചു. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, സര്‍വ്വേക്കല്ല് തുടങ്ങിയ നാടകങ്ങളിലൂടെ പുതിയ ഈണങ്ങളിലുള്ള ഗാനങ്ങള്‍ പുറത്തുവന്നു. നീലക്കുയില്‍, കാലം മാറുന്നു എന്നീ സിനിമകള്‍ പൂര്‍ണ്ണമായും അന്യഭാഷചിത്രങ്ങളിലെ ഈണങ്ങള്‍ ഒഴിവാക്കി വിജയിച്ചപ്പോള്‍ സംഗീതസംവിധാനത്തിലും ഗാനരചനയിലും സ്വതന്ത്രമായ നിലനില്‍പ്പിന് ഭാവിയുണ്ടെന്ന് ബോദ്ധ്യമായി, ഇവിടെ മലയാള ചലച്ചിത്രസംഗീതത്തിന്റെ രണ്ടാംഘട്ടം തുടങ്ങി എന്നു പറയാം. അന്യമായ ഈണങ്ങള്‍ വീണ്ടും ഇടക്കിടെ വന്നുകൊണ്ടിരുന്നെങ്കിലും കുറേശ്ശേ കുറേശ്ശേ മലയാള ചലച്ചിത്രം അതിന്റേതായ കണ്ടെത്താന്‍ തുടങ്ങി. ഉണ്ണിയാര്‍ച്ച, ഉമ്മ, ഭാര്യ, കാവ്യമേള ആയപ്പോഴേയ്ക്കും മലയാളത്തിന്റെ ചുവയും വാസനയും വ്യക്തമായി.
ആംഗലേയ കവികളായ ഷെല്ലിയേയും കീറ്റ്‌സിനേയും പോലെ മുക്തകങ്ങള്‍ ഭാവഗീതങ്ങള്‍-മനോഹരമായി അര്‍ത്ഥ ദീപ്തമായി സന്ദര്‍ഭോചിതമായി എഴുതാന്‍ കഴിവുള്ള പി ഭാസ്‌ക്കരന്‍, വയലാര്‍ രാമവര്‍മ്മ, ഒ.എന്‍.വി. കുറുപ്പ് എന്നിവര്‍ ഈ രംഗത്തുവരികയും ഗാനങ്ങളെ കവിതകൊണ്ട് സമ്പുഷ്ടമാക്കുകയുംചെയ്തു. പിന്നീട് വന്ന യൂസഫലി കേച്ചേരി, ശ്രീകുമാരന്‍തമ്പി തുടങ്ങിയവരും മോശക്കാരായില്ല. ദക്ഷിണാമൂര്‍ത്തി, കെ രാഘവന്‍, ദേവരാജന്‍, ബാബുരാജ്, എം.ബി.ശ്രീനിവാസന്‍, എം.എസ്.വിശ്വനാഥന്‍, എം.കെ.അര്‍ജുനന്‍, കെ.വി. മഹാദേവന്‍ എന്നിവര്‍ മാസ്മരസംഗീതംകൊണ്ട് ആ ഗാനങ്ങള്‍ക്ക് നല്‍കിയ ജീവന്‍ മലയാളത്തിന്റെ അമൃതമായിമാറി. കമുകറ പുരുഷോത്തമന്‍ ഉദയഭാനു, മെഹബൂബ്, അബ്ദുള്‍ഖാദര്‍, പി.ലീല, പി.സുശീല, എസ്.ജാനകി, എ.എം.രാജ, ജിക്കി കൃഷ്ണവേണി, വസന്ത, പി.ബി.ശ്രീനിവാസ് യേശുദാസ്, ജയചന്ദ്രന്‍, മാധുരി, ചിത്ര തുടങ്ങിയവരുടെ ആലാപനം കൂടിയായതോടെ മലയാള സിനിമാ ഗാനശാഖ ഇവിടെ രൂപമെടുത്തു. കഴിഞ്ഞ 36 വര്‍ഷമായി മലയാള സിനിമാ ഗാനശാഖയെക്കുറിച്ച് നടത്തിയ സമഗ്രമായ പഠനത്തിലൂടെ തയ്യാറാക്കിയ കുറിപ്പുകള്‍ നാളെ പുതുവല്‍സരദിനം മുതല്‍ വായിച്ചു തുടങ്ങാം.-പാട്ടൊഴുകിയ വഴിയിലൂടെ.