മലിനജലം ഒഴുക്കി വിട്ടതിന് നാടുകാണി കിന്‍ഫ്രയില്‍ പ്രവര്‍ത്തിച്ചു വരുന്ന ചക്ക ഫാക്ടറിക്ക് അരലക്ഷം പിഴ

തളിപ്പറമ്പ്: ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പരിധിയിലെ നാടുകാണി കിന്‍ഫ്രയില്‍ പ്രവര്‍ത്തിച്ചു വരുന്ന

ആര്‍ട്ടോകാര്‍പ്പസ് ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്

എന്ന സ്ഥാപനത്തിന് മലിനജലം ഒഴുക്കി വിട്ടതിന് തദ്ദേശസ്വയംഭരണ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് അര ലക്ഷം രൂപ പിഴ ചുമത്തി.

ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന് പ്രദേശവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നടപടി സ്വീകരിച്ചത്.

സ്ഥാപനത്തില്‍ നിന്നും മലിനജലം മഴവെള്ളം ഒഴുകുന്ന ചാലിലൂടെ ഒഴുകി സ്ഥാപനത്തില്‍ നിന്നും ഏകദേശം 400 മീറ്റര്‍ മാറി കൂവേരി ചപ്പാരപ്പടവ് റോഡില്‍ ശ്രീമാന്യമംഗലത്ത് പൊതു റോഡിനോട് ചേര്‍ന്നു ഓവുചാലിലേക്ക് ഒഴുകി എത്തിയതായി പരിശോധനയില്‍ സ്‌ക്വാഡ് കണ്ടെത്തി.

സ്ഥാപനത്തില്‍ നിന്നും മഴവെള്ളം ഒഴുകി പോകാന്‍ മണ്ണിനടിയില്‍ ഇട്ടിരിക്കുന്ന വലിയ കോണ്‍ക്രീറ്റ് പൈപ്പ് വഴി മലിന ജലം കിന്‍ഫ്രാ കോമ്പൗണ്ടിനു പുറത്ത് എത്തി കെ.വി.സുരേഷ്, മധു എന്നവരുടെ പറമ്പിലൂടെ ഒഴുകിയാണ് പൊതു റോഡിനോട് ചേര്‍ന്ന ഓടയില്‍ എത്തിയത്.

മലിന ജലം ഒഴുക്കി വിട്ട സമയം രൂക്ഷഗന്ധം പ്രദേശത്ത് അനുഭവപെട്ടതായി പ്രദേശവാസികള്‍ സ്‌ക്വാഡിനെ അറിയിച്ചു.

മലിന ജലം ഒഴുകിയെത്തിയ വഴി പരിശോധിച്ച് സ്‌ക്വാഡ് സ്ഥാപനത്തില്‍ എത്തുകയും സ്ഥാപനത്തിന്റെ ബയോ ഗ്യാസ് ടാങ്കില്‍ ശേഖരിച്ചു വെച്ച മലിനജലമാണ് ഒഴുക്കി വിട്ടതെന്നു കണ്ടെത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസവും സമാനമായ പ്രവൃത്തി നടത്തിയിരുന്നു. സ്ഥാപനത്തിന് അര ലക്ഷം പിഴ ചുമത്തുകയും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സ്‌ക്വാഡ് നിര്‍ദേശം നല്‍കുകയും ചെയ്തു.

പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡര്‍ പി.പി.അഷ്റഫ്, സ്‌ക്വാഡ് അംഗം അലന്‍ ബേബി, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.കെ.ശ്രീകുമാര്‍, ക്ലാര്‍ക്ക് ബോബി എം ദാസ്, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.