റോഡില്‍ കൂടും കുടുക്കയും-ആരാ ചോദിക്കാന്‍-ആക്രിക്കട ഉടമയുടെ അഹങ്കാരം.

 

തളിപ്പറമ്പ്; കൂടും കുടുക്കയും മാലിന്യങ്ങളും മുഴുവന്‍ സംസ്ഥാനപാതയിലേക്ക് കയറ്റിവെച്ച് അപകടത്തിന് വഴിയൊരുക്കുകയാണ് തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിലെ ഒരു ആക്രി വ്യാപാരി.

തിരക്കേറിയ മന്ന ജംഗ്ഷനില്‍ നിന്നും നഗരസഭ ഓഫീസിലേക്കും തളിപ്പറമ്പ് നഗരത്തിലേക്കും എളുപ്പത്തില്‍ എത്താവുന്ന റോഡ് ജംഗ്ഷനിലാണ് ഈ കയ്യേറ്റം.

സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലേക്ക് പോകുന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികളും കാല്‍നടയായി നിരവധി ആളുകളും കടന്നുപോകുന്ന തിരക്കേറിയ ഈ ഭാഗത്ത് ഒരു വാഹനം വന്നാല്‍ ആളുകള്‍ക്ക് റോഡില്‍ നിന്ന് മാറി നല്‍ക്കാന്‍ പോലും ഇവിടെ സൗകര്യമില്ല.

ഇരുമ്പ്കൂടുകളും ഡ്രമ്മുകളും മറ്റ് തുരുമ്പിച്ച നിരവധി സാധനങ്ങളും ഇവിടെ കൂട്ടിയിട്ട നിലയിലാണ്. ഇത് നീക്കം ചെയ്യണമെന്ന് നാട്ടുകാര്‍ നിരന്തരമായി ആവശ്യപ്പെട്ടുവരികയാണെങ്കിലും യാതൊരുവിധ നടപടികളും കൈക്കൊണ്ടിട്ടില്ല.

തളിപ്പറമ്പ് നഗരസഭയുടെ മൂക്കിന് താഴെയാണ് ഈ അനധികൃത കയ്യേറ്റം നടക്കുന്നത്.

സംസ്ഥാനപാത-36 ന്റെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.

ഇനി ഇവിടെ ഒരു അപകടവും ജീവഹാനിയും നടന്നാല്‍ മാത്രമേ ബന്ധപ്പെട്ടവര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുകയുള്ളൂ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.