ചെടികളുടെ മികവുറ്റ വളര്‍ച്ചക്ക് പച്ചിലവള കമ്പോസ്റ്റുമായി ഫോറസ്റ്റ് സെന്‍ട്രല്‍ നഴ്‌സറി
കരിമ്പം.കെ.പി.രാജീവന്‍
ചെറുവാഞ്ചേരി: തൈകള്‍ക്ക് വിശിഷ്ടമായ പോഷണം ഉറപ്പുനല്‍കുന്ന പച്ചില കമ്പോസ്റ്റുമായി വനം വകുപ്പിന്റെ സെന്‍ട്രല്‍ നേഴ്‌സറി.
കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ഈ നേഴ്‌സറിയില്‍ തൈകള്‍ ഉല്‍പ്പാദിപ്പിക്കാനായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഈ പച്ചിലവളം മാത്രമാണ്.
ആഗസ്ത്-സപ്തംബര്‍ മാസങ്ങളിലാണ് ഒരുവര്‍ഷത്തേക്കാവശ്യമായ വളം നിര്‍മ്മാണം ആരംഭിക്കുന്നത്.
കമ്യൂണിസ്റ്റ് പച്ച, കുറിഞ്ഞി തുടങ്ങി വളരെ മൃദുവായ ഇലകളുള്ള ചെടികളും മരങ്ങളുമാണ് വളം നിര്‍മ്മിക്കാനായി ഉപയോഗിക്കുന്നത്.
4 മെട്രിക് ടണ്‍ അടങ്ങുന്ന(ഒരു ഷീപ്പ് എന്നാണ് ഇതിന് പറയുന്നത്)ഇലകളുടെയും കമ്പുകളുടെയും പച്ചനിറമുള്ള ഭാഗം മാത്രമെടുത്ത് മെഷീനിലിട്ട് നുറുക്കിയെടുക്കുകയാണ് ആദ്യം ചെയ്യുക.
തുടര്‍ന്ന് ഒരു ഷീപ്പിന് 4 കിലോ എന്നതോതില്‍ യൂറിയ ചേര്‍ത്തുകൊടുക്കും.
ഇത്തരത്തിലുള്ള ഇലമിശ്രിതം സിമന്റ് തറയില്‍ കൂട്ടിയിടുകയാണ് ചെയ്യുക.
ഒന്നിടവിട്ട ദിവസങ്ങളില്‍ ഈ കൂനയുടെ ചൂട് തെര്‍മോമീറ്റര്‍ വെച്ച് അളക്കുകയും 60 ഡിഗ്രി ഊഷ്മാവ് ഉറപ്പുവരുത്തുകയും ചെയ്യും.
ഒന്നിടവിട്ട് മിശ്രിതം പൂര്‍ണമായി ഇളക്കിക്കൊടുക്കുകയും വേണം. ഇടക്ക് ഇതില്‍ വെള്ളം തെളിച്ചുകൊടുക്കുകയും ചെയ്യും.
60 മുതല്‍ 80 ദിവസം കൊണ്ട് ഇത് നല്ല ഒന്നാന്തരം പച്ചില വളമായി മാറും.
4 എം.എം അളവിലുള്ള അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്താണ് വളം പൊടിയാക്കിയെടുക്കുന്നത്.
നൈട്രജന്റെ കലവറയാണ് ഇത്തരത്തില്‍ തയ്യാറാക്കുന്ന വളമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
ഈ മിശ്രിതം ഉപയോഗിക്കുന്നതിനാല്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന തൈകളെല്ലാം മികച്ച രീതിയിലാണ് വളരുന്നത്.
നിലമ്പൂരിലും ഇത്തരത്തിലുള്ള പച്ചിലവളം നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്.
സെന്‍ട്രല്‍ നേഴ്‌സറിയിലെ ആവശ്യത്തിന് മാത്രമാണ് വളം ഉല്‍പ്പാദിപ്പിക്കുന്നത്.
കണ്ണവം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അഖില്‍ നാരായണന്‍, ഫോറസ്റ്റര്‍ സുനില്‍ ചെന്നപ്പൊയില്‍ എന്നിവരുടെ നേതൃത്വത്തിലാണ് സെന്‍ട്രല്‍ നഴ്‌സറി പ്രവര്‍ത്തിക്കുന്നത്.