നാടന്‍തോക്ക് പിടികൂടിയ സംഭവത്തില്‍ ഓടിരക്ഷപ്പെട്ട പ്രതി അറസ്റ്റില്‍.

പരിയാരം: കടന്നപ്പള്ളിയില്‍ വീട് റെയിഡ് ചെയ്ത് നാടന്‍തോക്ക് പിടികൂടിയ സംഭവത്തില്‍ ഓടിരക്ഷപ്പെട്ട പ്രതി അറസ്റ്റില്‍.

 കടന്നപ്പള്ളി കള്ളക്കാംതോട്ടിലെ കുണ്ടുവളപ്പില്‍ വീട്ടില്‍ കെ.വി.സന്തോഷിനെയാണ്(42 പരിയാരം എസ്.ഐ സി.സനീതിന്റെ നേതൃത്വത്തില്‍ ഉച്ചയോടെ കടന്നപ്പള്ളിയില്‍ വെച്ച് പിടികൂടിയത്.

തിങ്കളാഴ്ച്ച രാത്രി 11.30 നാണ് കടന്നപ്പള്ളി കള്ളക്കാംതോട് എന്ന സ്ഥലത്തെ പഞ്ചായത്ത് നമ്പറില്ലാത്ത വീട് റെയിഡ് നടത്തി പരിയാരം എസ്.ഐയും  സംഘവും ലൈസന്‍സില്ലാത്ത സിംഗിള്‍ബാരല്‍ തോക്ക് പിടിച്ചെടുത്തത്.

വീട്ടുടമയായ സന്തോഷ് പോലീസിനെ കണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു.

നാട്ടുകാരുടെ സാന്നിധ്യത്തില്‍ വീട് തുറന്ന് പോലീസ് അകത്തുകയറി പരിശോധിച്ചാണ് തോക്ക് കണ്ടെടുത്തത്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വീട് റെയിഡ് ചെയ്തത്.

മടിക്കേരിയില്‍ നിന്നുള്ള ഏജന്റുമാരില്‍ നിന്നാണ് തോക്ക് വാങ്ങിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.

കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിന് പലരും ഇത്തരം തോക്കുകള്‍ ഉപയോഗിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഓരോ ഭാഗങ്ങളും അഴിച്ച് കൊണ്ടുവന്ന് യോജിപ്പിച്ചാണ് ഇത് തോക്കായി ഉപയോഗിക്കുന്നത്.  

സാധാരണ നാടന്‍തോക്കുകളേക്കാള്‍ നിര്‍മ്മിതിയില്‍ മാറ്റമുള്ളതാണ് കടന്നപ്പള്ളിയില്‍ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

ഇത് ബാലിസ്റ്റിക് പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.

എസ്.ഐക്ക് പുറമെ ഗ്രേഡ് എസ്.ഐ ഷാജിമോന്‍, ഗ്രേഡ് എ.എസ്.ഐ ചന്ദ്രന്‍, സി.പി.ഒ മഹിത, പോലീ്‌സ ഡ്രൈവര്‍ സി.പി.ഒ രാജേഷ് എന്നിവരാണ് തോക്ക് കണ്ടടുത്ത സംഘത്തിലുണ്ടായിരുന്നത്.