നിലത്തുനോക്കി നടന്നില്ലെങ്കില്‍ ഇരുമ്പ്കുറ്റി കാലില്‍ കയറും–തളിപ്പറമ്പ് ഡാ.

തളിപ്പറമ്പ്: മുകളില്‍ പൊട്ടിത്തകര്‍ന്ന കൈവരികള്‍, താഴെ കാലുകളില്‍ കുത്തിക്കയറാന്‍ തയ്യാറായി തുരുമ്പിച്ച അവശിഷ്ടങ്ങളും.

ഏറെ തിരക്കേറിയ തളിപ്പറമ്പ് ബസ്റ്റാന്റിനും താലൂക്ക് ഓഫീസിനും ഇടയിലെ നഗരസഭാ റോഡിലാണ് ഈ അപകടകെണികള്‍.

2014 ലാണ് ഈ റോഡ് ഇന്റര്‍ലോക്ക് ചെയ്ത് ഭംഗിയാക്കാനും നടപ്പാതകളുടെ ഇരുവശങ്ങളിലും കൈവരികളും പരസ്യബോര്‍ഡുകളും സ്ഥാപിക്കാന്‍ നഗരസഭ തീരുമാനിച്ചത്.

നടപ്പാതയില്‍ ടൈല്‍സ് പാകി യാത്ര സുഗമമാക്കാനും നിര്‍ദ്ദേശമുണ്ടായിരുന്നു.

കൈവരികള്‍ സ്ഥാപിച്ചത് നഗരസഭയും ഇതില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്‍കുകയുമായിരുന്നു.

ടൈല്‍സ് പാകിയത് പൊളിച്ചാണ് ഇരുമ്പ് കൈവരികള്‍ സ്ഥാപിച്ചതെന്നതിനാല്‍ ഇത് ശരിയായ രീതിയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ല.

പരസ്യ ബോര്‍ഡുകളൊക്കെ സ്ഥാപിച്ച് ആറ് മാസം തികയുന്നതിന് മുമ്പായി തന്നെ കൈവരികള്‍ക്ക് അടിതെറ്റിതുടങ്ങി.

വാഹനങ്ങല്‍ ഇടിക്കാന്‍ കൂടി തുടങ്ങിയതോടെ കൈവരികള്‍ അടര്‍ന്നുവീഴാനും വളഞ്ഞുനില്‍ക്കാനും തുടങ്ങി.

ഇതില്‍ ചിലതൊക്കെ ആക്രികച്ചവടക്കാര്‍ അടിച്ചുമാറ്റുകും ചെയ്തു.

ഇപ്പോള്‍ ഇളകിപൊടിഞ്ഞ കൈവരികളുടെ തുരുമ്പുപിടിച്ച മുനകള്‍ നടപ്പാതയില്‍ കാല്‍നടക്കാരുടെ കാലില്‍ കുത്തിക്കയറാനും ഇതില്‍ തടഞ്ഞ് സ്ത്രീകള്‍ ഉള്‍പ്പെടയുള്ളവര്‍ തടഞ്ഞു വീഴാനും തുടങ്ങിയിരിക്കുന്നു.

ഈ മാസം നടന്ന താലൂക്ക് വികസനസമിതിയോഗം ഇത് സംബന്ധിച്ച് നഗരസഭാ അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്.