കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിന്റെ പരാതി.
പരിയാരം: മുഖ്യമന്ത്രിയുടെ പോലീസ് അകമ്പടി വാഹനം ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസാണ് ഇത് സംബന്ധിച്ച് പരിയാരം പോലീസില്‍ പരാതി നല്‍കിയത്.
കണ്ണൂര്‍ ജില്ലാ പ്രസിഡന്റായ സുദീപിന്റെ നേതൃത്വത്തില്‍ സംസ്ഥാന ബജറ്റിലെ അമിത നികുതി ഭാരത്തിനെതിരെ പ്രതിഷേധിക്കാന്‍ സമാധാനപരമായി കരിങ്കൊടി വീശി മുദ്രാവാക്യം വിളിക്കവെ
ഫിബ്രവരി 20 ന് രാവിലെ 8.30 ന് ദേശീയ പാതയില്‍ കപ്പണത്തട്ടില്‍ വെച്ച് സി.എം.എസ്‌കോര്‍ട്ട് എന്നെഴുതിയ കേരള പോലീസിന്റെ കെ.എല്‍.01 -സി.യു. 3233 നമ്പര്‍ കാര്‍ അമിത വേഗതയില്‍ വന്ന് ശരീരത്തില്‍ ഇടിക്കാന്‍ മന:പൂര്‍വം ശ്രമിച്ചു എന്നാണ് പരാതി.
ഒഴിഞ്ഞു മാറിയത് കൊണ്ട് മാത്രമാണ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നും ഈ കാര്‍ ഓടിച്ച ഡ്രൈവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ വി.രാഹുല്‍, സി.വി. വരുണ്‍ എന്നിവരെ സാക്ഷികളായും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പരാതി നല്‍കിയിട്ടും ഇതേവരെ കേസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ലെന്നും സുദീപ് ജയിംസ് പറഞ്ഞു.