പിടിച്ചതിനേക്കാള്‍ വലിയത് മാളത്തില്‍—നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ ഹോട്ടല്‍ പരിശോധന-വിവാദം കൊഴുക്കുന്നു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ ആരോഗ്യവിഭാഗം ഇന്ന് നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനകളില്‍ വിവാദം കൊഴുക്കുന്നു.

ഏഴ് പ്രധാന ഹോട്ടലുകളിലും മൂന്ന് ചെറുകിട ഹോട്ടലുകളിലും പഴകിയ ഭക്ഷ്യവസ്തുക്കള്‍ക്ക് വേണ്ടിയും വൃത്തിഹീനമായ ചുറ്റുപാടുകള്‍ കണ്ടെത്തുന്നതിനുമായിരുന്നു പരിശോധന.

ഇതില്‍ ഏഴാംമൈലിലെ ചെമ്പരത്തി ബാര്‍ ഹോട്ടലില്‍ നിന്ന് മാത്രമാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ ലഭിച്ചതെന്നാണ് നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍സത്താര്‍ പറയുന്നത്.

എന്നാല്‍ ഏഴാംമൈലിലെ ഒരു വന്‍കിട ഹോട്ടലില്‍ നിന്നും പഴകിയ പൊറോട്ട ഉള്‍പ്പെടെ പിടിക്കുകയും അതിരൂക്ഷമായ രീതിയിലുള്ള മാലിന്യങ്ങള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ആരോഗ്യവിഭാഗം യഥാര്‍ത്ഥ ചിത്രം മറച്ചുവെച്ച് വന്‍കിടക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങളിലെ ആക്ഷേപം.

ഹോട്ടലിന്റെ പേരെടുത്തു പറഞ്ഞാണ് പലരും പോസ്റ്റുകളിട്ട് അലക്കിക്കൊണ്ടിരിക്കുന്നത്.

പരിശോധന നടത്തിയ എം.ആര്‍.ഐ റസ്‌റ്റോറന്റ്, നിധിന്‍ ഹോട്ടല്‍ എന്നിവിടങ്ങളില്‍ മാലിന്യം കണ്ടെത്തിയെന്നും ഇത് പരിഹരിക്കാന്‍ അവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും എച്ച്.ഐ അബ്ദുള്‍സത്താര്‍ വെളിപ്പെടുത്തുന്നു.

ഫുഡ്‌സേഫ്റ്റി വിഭാഗവും നഗരസഭാ ആരോഗ്യവകുപ്പും നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനകള്‍ പലതും വെറും പ്രഹസനമാണെന്നാണ് ഇപ്പോള്‍ ഉയരുന്ന പരാതി.

ഒരു പരിധിവരെ ഈ പരാതികള്‍ ശരിവെക്കുന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്.

ഏഴാംമൈലിലെ വന്‍കിട ഹോട്ടലില്‍ നിന്നും പഴകിയ എണ്ണയും മറ്റ് ഭക്ഷ്യവസ്തുക്കളും കണ്ടെടുത്തിട്ടുണ്ടെന്ന് ഒരു ദൃക്‌സാക്ഷിയും പറയുന്നു.